‘അതെ, കേരളത്തിന്റേത്‌ വികസിത രാജ്യങ്ങളെ അതിശയിപ്പിക്കുന്ന പ്രകടനം തന്നെ’…ജനീവയിൽ നിന്ന്‌ ദീപക്‌ രാജു എഴുതുന്നു

യുകെയിൽ ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ഉണ്ട്. പ്രധാനമന്ത്രി ഉൾപ്പടെ നൂറ് കണക്കിന് ആളുകളോട് അവർ അടുത്ത് ഇടപഴകിയത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

അമേരിക്കയിൽ “ചൂട് കൂടുമ്പോൾ വൈറസ് ചാകും” എന്ന സെൻകുമാർ തിയറി പറയുന്നത് സാക്ഷാൽ പ്രെസിഡന്റ് തന്നെയാണ്. കഴിഞ്ഞദിവസം, കേസുകൾ ഇനിയും കൂടും എന്ന് വിദഗ്ധർ പറയുന്ന വാർത്താ സമ്മേളനത്തിൽ, ഓ കുറയുമെന്ന് എന്റെ മനസ് പറയുന്നു എന്നോ മറ്റോ പറഞ്ഞ അയാളുടെ വീഡിയോ കണ്ടിരുന്നു. ഇതിനിടെ അമേരിക്കയിൽ മൊത്തം കൊറോണ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു.

ഇവിടെ സ്വിറ്റ്‌സർലണ്ടിൽ കൊറോണ ലക്ഷണങ്ങൾ സംശയിച്ചാൽ ഒരു ഹെൽപ്പ്ലൈനിൽ വിളിക്കണം. രോഗലക്ഷണങ്ങൾ കേട്ട ശേഷം അവർ നിങ്ങളോട് സ്വയം ഐസലേറ്റ് ചെയ്യണോ എന്ന് പറയും. കൊറോണ സംശയിക്കുന്നവരിൽത്തന്നെ പ്രായമായവരെയും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും മാത്രമേ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമുള്ളൂ.

ലോകത്തെ ഏറ്റവും സമ്പന്നമായ, വികസിതമായ, ചില രാജ്യങ്ങൾ കൊറോണയെ നേരിടുന്ന രീതികളാണ് പറഞ്ഞത്. സ്വന്തം അതിർത്തി അടക്കാനുള്ള അധികാരം പോലുമില്ലാതെ, ഒരു സംസ്ഥാനത്തിന്റെ എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്ന്, കേരളം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത് ഈ വികസിത രാജ്യങ്ങളെ ലജ്ജിപ്പിക്കുന്ന പ്രകടനം തന്നെയാണ്. കൊറോണ കേസുകളുടെ എണ്ണം പിടിച്ചു കെട്ടുന്നു എന്നത് മാത്രമല്ല, അംഗൻവാടിക്കുട്ടികളുടെ ഭക്ഷണവും, മൂന്ന് വയസുകാരന്റെ പാസ്തയും, വീട്ടിലിരിക്കുന്നവരുടെ ഇന്റർനെറ്റും തുടങ്ങി എല്ലാത്തിലും കരുതൽ കാണിച്ചുകൊണ്ട് അത് ചെയ്യാൻ പറ്റുന്നു എന്നത് വലിയ കാര്യമാണ്.

അതിന് പിന്നിൽ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട്. ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനം ഉണ്ട്. ഒരുപാട് മനുഷ്യരുടെ സഹകരണം ഉണ്ട്. അതിനിടെ കുത്തിത്തിരിപ്പുകളുമായി ഇറങ്ങുന്നവരോട് നിറഞ്ഞ പുച്ഛം മാത്രം. അവരും അവരുടെ പ്രിയപ്പെട്ടവരും കൊറോണയിൽനിന്ന് സുരക്ഷിതരായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News