കൊവിഡ് 19, യാത്രാ വിലക്ക്: പ്രവാസികള്‍ ദുരിതത്തില്‍; വിസാ കാലാവധി നീട്ടിനല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

കോവിഡ് -19 ലോകത്തിലെ പല രാജ്യങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് യാത്രചെയ്യുന്നവര്‍, പ്രത്യേകിച്ച് രാജ്യന്തര യാത്രക്കാര്‍ ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യക്കാരായ പ്രവാസികള്‍ വളരെ വിഷമകരമായ സാഹചര്യം പലയിടത്തും നേരിടുന്നതായാണ് അറിയുന്നത്.

കേന്ദ്രസര്‍ക്കാര്‍ രോഗം പടരാതിരിക്കുന്നതിനുള്ള സുരക്ഷ ഒരുക്കുകയും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയും വേണം. ഇതിനായി അടിയന്തരമായി ഇടപെടണം. അതിനു പകരം ചട്ടങ്ങളുടെ കാഠിന്യം കൂട്ടുന്ന നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത് ഉത്കണ്ഠാജനകമാണ്. ഇത് തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതാണ്. 

ചൈനയില്‍ വുഹാന്‍ പ്രവിശ്യയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്രചെയ്ത് നാട്ടിലേക്ക് വരാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ആവശ്യപ്പെട്ടതാണ്.

അതിനെ തുടര്‍ന്ന് അവര്‍ക്ക് നാട്ടിലേക്ക് വരാന്‍ സൗകര്യമുണ്ടാക്കുകയും അവരെ മെഡിക്കല്‍ പരിശോധനക്കായി പ്രത്യേക സ്ഥലത്ത് പാര്‍പ്പിക്കുകയും ചെയ്തിരുന്നു. പരിശോധനയ്ക്കുശേഷം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ അവരുടെ താമസസ്ഥലത്തേക്ക് പോകാന്‍ അനുവദിക്കുകയാണ് ഉണ്ടായത്.  

പരീക്ഷിച്ച് വിജയിച്ച ഈ നടപടിക്രമം നിലവിലിരിക്കെയാണ് കേന്ദ്രവ്യോമയാന മന്ത്രാലയം 05-03-2020-ന് ഇതിന് വിരുദ്ധമായ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ഇറ്റലിയില്‍ നിന്നും റിപ്പബ്ലിക്ക് ഓഫ് കൊറിയയില്‍ നിന്നും യാത്രപുറപ്പെടുന്നവര്‍ക്കും ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കും  കോവിഡ്-19 ന്റ ലക്ഷണങ്ങള്‍ ഇല്ലായെന്ന വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ പ്രവേശനം ഉള്ളൂ എന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

മാര്‍ച്ച് 10 അര്‍ദ്ധ രാത്രി 12 മണി മുതലാണ് 4/1/2020-IR എന്ന നമ്പറിലുള്ള ഈ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. അടിസ്ഥാനപരമായി ഇത് മനുഷ്യത്വവിരുദ്ധമാണ്. പ്രവാസികളായ ഇന്ത്യക്കാരെ നിഷ്‌ക്കരുണം കൈവിടുന്നതിനു തുല്യമാണ്. 

ഇറ്റലിയില്‍ നിന്നും വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഇതുമൂലം വിമാനത്തില്‍ കയറാന്‍ സാധിക്കുന്നില്ല. ഇത് ഇവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇറ്റലിയില്‍ ഇവരെയെല്ലാം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ഇല്ലായെന്നാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നത് ന്യായയുക്തമല്ല എന്നും ഇവരെ യാത്രചെയ്ത് നാട്ടിലേക്ക് വരാന്‍ അനുവദിക്കണമെന്നും ഇവിടെയെത്തിയ ശേഷം ആവശ്യമായ വൈദ്യപരിശോധന പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിച്ച് ഇന്നലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചിട്ടുണ്ട്. 

പ്രവാസികളായ നമ്മുടെ നാട്ടുകാരെ ഇത്തരം പ്രതിസന്ധിഘട്ടത്തില്‍ കൂടുതല്‍ വിഷമസന്ധിയിലാക്കുന്നത് കാലങ്ങളായി നാം സ്വീകരിച്ചുവരുന്ന സമീപനത്തിന് കടകവിരുദ്ധമാണ്. നമ്മുടെ നാടിന്റെ വികസനത്തിനും സമ്പദ് ഘടനയുടെ ശാക്തീകരണത്തിനും വിജ്ഞാനവര്‍ദ്ധനയ്ക്കും പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകള്‍ അമൂല്യമാണ്.

അവരെ പ്രതിസന്ധിഘട്ടത്തില്‍ ഈ രീതിയില്‍ അധിക വൈഷമ്യത്തിലാക്കുന്ന സമീപനത്തിനെതിരെ ഈ സഭ ഏകകണ്ഠമായി അഭിപ്രായം രേഖപ്പെടുത്തുന്നു.

നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകള്‍ക്കും സംഭാവന നല്‍കുന്ന വിദേശത്തുള്ള നമ്മുടെ നാട്ടുകാരെ ഇവിടേക്കു വരുന്നതില്‍ നിന്നും ഫലത്തില്‍ വിലക്കുന്ന സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഈ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ഇതോടൊപ്പം തന്നെ വിവിധ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ നാട്ടില്‍ നിന്നും തിരിച്ചുപോയി ജോലിയില്‍ പ്രവേശിക്കാന്‍ അതതു രാജ്യങ്ങളിലെ പലതരം നിബന്ധനകള്‍ കാരണം പ്രയാസങ്ങള്‍ നേരിടുകയാണ്. ഇതിനിടെയാണ് നമ്മുടെ ഭാഗത്തുനിന്നും കൂടി ചട്ടങ്ങള്‍ കര്‍ക്കശ്ശമാക്കുന്നത്.

ഇത് പ്രവാസികളെ വല്ലാതെ വലയ്ക്കുന്നു. രോഗം പടരുന്നില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് തന്നെ ഈ ചട്ടങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിക്ക് തിരികെയെത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് വിസാ കാലാവധി, ജോലിക്ക് തിരികെ ചേരാനുള്ള കാലാവധി തുടങ്ങിയവ നീട്ടിക്കിട്ടുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് നയതന്ത്രതലത്തില്‍ നീക്കമുണ്ടാകണമെന്നും ഈ സഭ ആവശ്യപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News