സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍; യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍ പതിച്ചതിന് യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ നടപടി നിയമ പിന്തുണ ഇല്ലാത്തതെന്നും ബോര്‍ഡുകള്‍ തൂക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം എന്നും സുപ്രീംകോടതി അവധിക്കാല ബെഞ്ച് ചോദിച്ചു.

സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് എതിരായ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്കെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം നടപടികളില്‍ ഒന്നായിരുന്നു സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍ ലക്നൗവിലടക്കം പതിപ്പിച്ചത്. അലഹബാദ് ഹൈക്കോടതി ഈ പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു.

ഈ ഹൈക്കോടതി ഉത്തരവിനെതിരായ യു പി സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയത്. സര്‍ക്കാരിന്റെ നടപടിക്ക് നിയമത്തിന്റെ പിന്തുണ ഇല്ലെന്ന് ജസ്റ്റിസ് യു യു ലളിത് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നല്‍കാന്‍ ഇനിയും സമയമുണ്ട് എന്നിരിക്കെ ഇത്തരം കടുത്ത നടപടികളോട് യോജിക്കാന്‍ ആകില്ല. തെറ്റ് ചെയ്താല്‍ നിയമ പ്രകാരം നീങ്ങാം. അതിന് അപ്പുറത്തേക്ക് ഭരണ കൂടം കടക്കാമോ എന്നും അദ്ദേഹം ചോദിച്ചു.

ചിത്രങ്ങള്‍ പതിപ്പിച്ച് ബോര്‍ഡ് തൂക്കാന്‍ എവിടെ നിന്നാണ് സര്‍ക്കാരിന് അധികാരം ലഭിച്ചതെന്ന് ആയിരുന്നു ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ ചോദ്യം. സ്വകാര്യതയ്ക്ക് പല വശങ്ങള്‍ ഉണ്ടെന്നും തോക്കുമായി പൊതുമാധ്യത്തില്‍ വന്നാല്‍ സ്വകാര്യത അവകാശപ്പെടാന്‍ ആവില്ല എന്നുമായിരുന്നു യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.

യുപി സര്‍ക്കാര്‍ പക വീട്ടുന്ന സര്‍ക്കാര്‍ ആണെന്ന് അഭിഭാഷകന്‍ സി യു സിംഗ് ആരോപിച്ചപ്പോള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വഴി ഒരുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈകൊണ്ടതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി കുറ്റപ്പെടുത്തി.

അലഹബാദ് ഹൈക്കോടതി ഉത്തരവ് തല്‍ക്കാലം സ്റ്റേ ചെയ്യില്ല എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഹര്‍ജി 3 അംഗ ബെഞ്ചിലേക്ക് വിട്ടു. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ബഞ്ച് പരിഗണിക്കട്ടെ എന്ന് അവധിക്കാല ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News