സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധ കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്ക്; രോഗ വ്യാപനം തടയാന്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇരുവരും ആശുപത്രികളില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ടെന്നും ഇയാളുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

4180 പേര്‍ നിരീക്ഷണത്തിലുണ്ട്. 3910 പേര്‍ വീടുകളില്‍. 270 പേരാണ് ആശുപത്രികളിലുള്ളത്. 1337 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. 953 പേരുടെ ഫലം നെഗറ്റീവാണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സാംപിള്‍ പരിശോധന ആരംഭിച്ചു.

ഇന്ന് 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 3 പേര്‍ക്ക് രോഗബാധയില്ല. അവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ഇതുവരെ 4101 പേരെ രോഗമില്ലെന്ന് കണ്ട് നിരീക്ഷണ പട്ടികില്‍ നിന്നും ഒഴിവാക്കി. 900 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രതിരോധത്തിനാണ് സര്‍ക്കാര്‍ മൂന്‍തൂക്കം നല്‍കുന്നത്. പരിസരം, വീട്, വ്യക്തിശുചിത്വം എന്നിവ ശ്രദ്ധിക്കണം. ജനങ്ങളിലേയ്ക്കിറങ്ങിച്ചെല്ലുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും.

രോഗത്തിന്റെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. വൈറസ് വ്യാപനം തടയാന്‍ കഴിഞ്ഞു. ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ചില കേന്ദ്രങ്ങളില്‍ തെറ്റായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

ആലപ്പുഴയില്‍ വിദേശ ടൂറിസ്റ്റുകളെ ഇറക്കിവിടാന്‍ ശ്രമിച്ചു. അത് സംസ്ഥാനത്തിന് ഗുണകരമല്ല. ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ നിന്നും ദുരനുഭവം ഉണ്ടാകാന്‍ പാടില്ല. ആശങ്ക നിലനില്‍ക്കുന്നു. മാര്‍ച്ച് 31 വരെ ആളുകള്‍ ഒത്തുകൂടുന്ന പൊതുപരിപാടികള്‍ ഒഴിവാക്കുക തന്നെയാണ് നല്ലത്.പ്രായമുള്ള ആളുകള്‍, അസുഖമുള്ള വയോജനങ്ങള്‍, ഇവരില്‍ വൈറസ് ബാധ മാരകമാകും.

അത്തരത്തില്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ സമൂഹത്തിനുണ്ടാകണം. കുടുംബശ്രീയും ആശാവര്‍ക്കര്‍മാരുമെല്ലാം വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക പരിചരണം നല്‍കും. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും.

ജനപ്രതിനിധികളടക്കമുള്ളവര്‍ എല്ലാവരും പങ്കുചേരും. ഗള്‍ഫിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിയാത്തവരുടെ പ്രശ്നം വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ നിബന്ധന ഒരുപാട് പ്രയാസമുണ്ടാക്കുന്നു. അത് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ചിലര്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ വേണ്ടവിധത്തില്‍ പാലിക്കുന്നില്ല. അവര്‍ക്ക് ബോധവത്കരണം നല്‍കും. രോഗമുള്ളവര്‍ സ്വമേധയാ ആശുപത്രിയില്‍ പോകരുത്.

കണ്‍ട്രേള്‍ റൂമില്‍ അറിയിക്കുകയാണ് വേണ്ടത്. രോഗം പടരുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം വീടുകളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതിഥി തൊഴിലാളികളില്‍ ബോധവത്കരണം നടത്തും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കര്‍ക്കശ നടപടിയെടുക്കും. കോവിഡ്-19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി. 3 നമ്പര്‍ കൂടി ചേര്‍ത്ത് 6 ഹെല്‍പ് ലൈന്‍ സജ്ജമാക്കി.

സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ഗൗരവമായി തന്നെ രോഗത്തെ കാണണം. വിമാനത്താവളത്തില്‍ കൃത്യമായ പരിശോധന നടക്കുന്നുണ്ട്. കൃത്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും ഒരുതരത്തിലുള്ള ഭയപ്പാടും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍, പ്രത്യേകിച്ച് അതിര്‍ത്തിയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തും. സ്റ്റേഷനുകളില്‍ ആവശ്യമായ അനൗണ്‍സ്മെന്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News