കുവൈറ്റില്‍ 8 പേര്‍ക്ക് കൂടി കെറോണ; രോഗബാധിതരുടെ എണ്ണം 80 ആയി

കുവൈറ്റ് സിറ്റി: രാജ്യത്ത് 8 പേര്‍ക്ക് കൂടി കെറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 80 ആയെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ 4 പേര്‍ അത്യാഹിത വിഭാഗത്തിലാണ്. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 5 പേര്‍ ഈജിപ്ത് സ്വദേശികളാണ്. ഇതേസമയം രണ്ട് പേര്‍ രോഗ മുക്തരായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

കുവൈറ്റിലെ ബസ് സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതേസമയം പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള സി.ബി.എസ്ഇ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി ആയിരുന്നുവെങ്കിലും സി.ബി.എസ്.സി.പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടന്നുവരികയായിരുന്നു.

എന്നാല്‍ കോവിഡ് 19 പടരുന്ന പശ്ചാതലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചത്. പരീക്ഷ പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് വിവിധ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി

വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് നിന്നും തിരിച്ചുമുള്ള കാര്‍ഗോ വിമാനങ്ങള്‍ ഒഴികെ മറ്റ് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകള്‍, റെസ്റ്ററന്റുകള്‍, കോഫി ഷോപ്പുകള്‍ തുടങ്ങി, പൊതുജനങ്ങള്‍ കൂടിച്ചേരാന്‍ സാധ്യതയുള്ള മുഴുവന്‍ സ്ഥലങ്ങളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത് രാജ്യത്തെ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. വാര്‍ത്ത അറിഞ്ഞ ഉടനെ ഭക്ഷ്യ വില്‍പന കേന്ദ്രങ്ങള്‍ വലിയ തോതിലുള്ള തിരക്കാണ് ഇന്നലെയും ഇന്നും അനുഭവപ്പെട്ടത്.

രാജ്യത്ത് ആറുമാസക്കലത്തെക്കുള്ള ഭക്ഷ്യവിഭവങ്ങളുടെ കരുതല്‍ ശേഖരമുണ്ടെന്നും ആശങ്കപ്പെടെണ്ട ഒരുസാഹചര്യവും നിലവിലില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് ഫെബ്രുവരി 27 നും അതിനു ശേഷവുമുള്ള ദിവസങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയ പ്രവാസികള്‍ക്കായുള്ള കൊറോണ വൈറസ് പരിശോധനക്ക് ഇന്ന് തുടക്കമായി. മുഷ്റിഫ് ഇന്റര്‍ നാഷനല്‍ ഫെയര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ മെഡിക്കല്‍ സെന്ററിലാണ് പരിശോധന പുരോഗമിക്കുന്നത്. ഈജിപ്ത്, ലബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഇന്ന് പരിശോധന നടന്നത്.

ഈ ദിവസങ്ങളില്‍ മടങ്ങിവന്ന ഇന്ത്യക്കാര്‍ക്ക് മെഡിക്കല്‍ പരിശോധനയുടെ ആവശ്യമില്ലെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യക്കാര്‍ക്കുള്ള പരിശോധന അടുത്ത ദിവസങ്ങളില്‍ തുടരും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ ഈ കാലയളവില്‍ താമസരേഖ പുതുക്കാന്‍ വൈകുന്നവര്‍ക്ക് പിഴ ചുമത്തില്ലെന്ന് താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി തലാല്‍ അല്‍ മഅറഫി വ്യക്തമാക്കി. വിമാന സര്‍വ്വീസ് റദ്ദാക്കിയതിനാല്‍ വാണിജ്യ, കുടുംബ സന്ദര്‍ശക വിസകളില്‍ രാജ്യത്ത് എത്തി തിരിച്ചു പോകാന്‍ കഴിയാത്തവര്‍ക്കും വിമാനസര്‍വ്വീസ് പുനരരാംഭിക്കുന്നത് വരെ പിഴ ഉണ്ടായിരിക്കുന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News