കൊറോണ: തൃശൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം; റൂട്ട്മാപ് ഇന്ന് പുറത്തുവിടും; മാളിലും തിയേറ്ററിലും വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്.

റാന്നി സ്വദേശികള്‍ ഇറ്റലിയില്‍ നിന്ന് വന്ന അതേ വിമാനത്തില്‍ ഖത്തറില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിയായ 21 കാരനാണ് പോസിറ്റീവ് റിസള്‍ട്ട് വന്നത്. ഇയാള്‍ തൃശൂര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഐസുലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

ഇയാളുമായി അടുത്ത് ഇടപഴകിയ വ്യക്തികളെ കണ്ടെത്തി നിരീക്ഷിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ആശുപത്രിയിലെത്തിക്കും മുന്‍പേ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

റാന്നിയിലെ കുടുംബത്തിന്റെ സമ്പര്‍ക്കപട്ടിക തയ്യാറാക്കിയപ്പോളാണ് ഒപ്പം യാത്ര ചെയ്ത ഇയാളുടെ വിവരം ലഭിക്കുന്നത്.

തൃശ്ശൂരിലെ ഒരു ഷോപ്പിംഗ് മാളില്‍ പോയ യുവാവ് അവിടുത്തെ മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനിലിരുന്ന് സിനിമ കാണുകയും പിന്നീടൊരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുമായി ഇടപഴകിയതായി കണ്ടെത്തിയ നൂറോളം പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും കഴിഞ്ഞ മൂന്നു ദിവസമായി രോഗിക്ക് ചുമയും പനിയും ജലദോഷവുമില്ലെന്നും തൃശൂര്‍ ഡിഎംഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here