സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ; രണ്ടും തിരുവനന്തപുരത്ത്; ചികിത്സയില്‍ കഴിയുന്നത് 19 പേര്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ സ്വദേശിക്കും യുകെയില്‍ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ആദ്യ പരിശോധനയില്‍ പോസിറ്റീവായ വെള്ളനാട് സ്വദേശിയുടെ രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് കേരളത്തില്‍ ഒരു വിദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി. തിരുവനന്തപുരത്ത് മൂന്നു പേരും പത്തനംതിട്ടയില്‍ ഒന്‍പത് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളത്ത് മൂന്ന് പേരും തൃശ്ശൂരിലും കണ്ണൂരിലും ഓരോ പേരുമാണ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

നിലവില്‍ സംസ്ഥാനത്ത് 5486 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 277 പേര്‍ വിവിധ ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈറസ് ബാധ സംശയിക്കുന്നവരെ അവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് നിരീക്ഷിക്കുന്നത്. ശുചീകരണ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തും. വിമാനങ്ങളില്‍ വരുന്നവരെ ഒരാളെയും ഒഴിയാതെ പരിശോധിക്കും. നിയന്ത്രണങ്ങള്‍ ഭീതി പടര്‍ത്താനല്ല. ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം. ജനങ്ങള്‍ക്കിടയില്‍ നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ തിരിച്ച് എത്തിക്കുന്നതിന് വിമാനം അയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നല്ലതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈറസ് ബാധയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പക്ഷെ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News