കൊറോണ: കെഎസ്‌ഡിപി സാനിറ്റൈസര്‍ നിർമാണം തുടങ്ങി; 10 ദിവസത്തിനകം ഒരു ലക്ഷം ബോട്ടില്‍

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്‌ഡിപി) ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മാണം തുടങ്ങി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് (കെഎംഎസ്‌സിഎല്‍) വേണ്ടി ഒരു ലക്ഷം ബോട്ടിലാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹാന്റ് സാനിറ്റൈസറിന്റെ ആദ്യ ലോഡ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വെള്ളിയാഴ്ച്ച അയച്ചു. 500 മില്ലി ലിറ്റര്‍ വരുന്ന 500 ബോട്ടിലുകള്‍ കെ. എം. എസ്. സി. എല്ലിന്റെ വെയര്‍ ഹൗസുകളില്‍ എത്തിച്ചു.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കിയത്. നിലവില്‍ കെഎസ്‌ഡിപി ഹാൻഡ്‌ സാനിറ്റൈസര്‍ ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍, കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മാണത്തിന് മുന്നോട്ടുവരികയായിരുന്നു.

കെഎസ്‌ഡിപിയിലെ തന്നെ വിദഗ്‌ധരാണ് സാനിറ്റൈസറിന്റെ കോമ്പിനേഷന്‍ തയ്യാറാക്കിയത്. ശനിയാഴ്ച്ചയോടെ 2000 ബോട്ടിലുകള്‍ പൂര്‍ത്തിയാകും. 10 ദിവസത്തിനകം ഒരു ലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കും.

പൊതു വിപണിയില്‍ 100 മില്ലി ലിറ്റര്‍ ഹാന്റ് സാനിറ്റൈസറിന് 150 മുതല്‍ 200 രൂപ വരെയാണ് വില. എന്നാല്‍, കെ എസ് ഡി പിയുടെ അര ലിറ്റര്‍ ഹാന്റ് സാനിറ്റൈസറിന് 125 രൂപ മാത്രമാണ് വില. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയാണ് നിലവാരമുള്ള ഹാന്റ് സാനിറ്റൈസര്‍ തയ്യാറാക്കിയത്.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഹാൻഡ്‌ സാനിറ്റൈസര്‍ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. മെഡിക്കല്‍ ഷോപ്പുകളിലും മറ്റും ഇവ ചോദിച്ചു വരുന്നവര്‍ നിരാശയോടെ മടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കെഎസ്‌ഡിപിയുടെ നീക്കം വലിയ ആശ്വാസമാകും.

സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമേകാന്‍ ഇതുപകരിക്കും. കെഎസ്‌ഡിപിയില്‍ ഹാൻഡ്‌ സാനിറ്റൈസര്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉലപ്പാദിപ്പിക്കു കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഏക പൊതുമേഖലാ മരുന്ന് നിര്‍മ്മാണ കമ്പനിയായ കെഎസ്‌ഡിപി കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വലിയ പുരോഗതി കൈവരിച്ചു.

പാരസെറ്റമോള്‍ മാത്രം നിര്‍മ്മിച്ച സ്ഥാപനം ഇന്ന് അത്യാധുനിക മരുന്ന് നിര്‍മ്മാണ കമ്പനിയായി. 2017-18 ല്‍ 13 കോടിയുടെ ബീറ്റാലാക്ടം ഇന്‍ജക്ഷന്‍ പ്ലാന്റ് സ്ഥാപിച്ചു.

2018-19 ല്‍ 32.15 കോടിയുടെ നോണ്‍ ബീറ്റാലാക്ടം മരുന്ന് പ്ലാന്റ് കമ്മീഷന്‍ ചെയ്തു. ആന്റിബയോട്ടിക്‌സ്, ഇഞ്ചക്ഷന്‍ മരുന്ന്, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്ന് എന്നിവ നിര്‍മ്മിക്കുന്നുണ്ട്. കാന്‍സറിനുള്ള മരുന്നുകള്‍ ഈ വര്‍ഷം ഉല്‍പ്പാദിപ്പിക്കും.

വിദേശത്തേക്ക് മരുന്ന് കയറ്റിഅയക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും എന്‍ എ ബി എല്‍ അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. പ്രളയ കാലത്ത് അവശ്യ മരുന്നുകള്‍ കെ എസ് ഡി പി സൗജന്യമായി വിതരണം ചെയ്‌തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News