ലോകത്തെ വിറപ്പിച്ച് കൊറോണ; മരണം 5400 കടന്നു, സ്‌പെയിനിലും അമേരിക്കയിലും അടിയന്തരാവസ്ഥ; ഇന്ത്യയില്‍ രണ്ട് മരണം

ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് ബാധയില്‍ മരണം 5436 ആയി. 139 രാജ്യങ്ങളിലായി 1,45,484 പേര്‍ ചികിത്സയിലാണ്. വൈറസ് പടരുന്ന സാഹചര്യത്തില്‍ അമേരിക്കയിലും സ്‌പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ ഇന്നലെ രണ്ടാം മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം അതീവ ജാഗ്രതയിലാണ്.

ചൈന-3177, ഇറ്റലി-1266, ഇറാന്‍-514, സൗത്ത് കൊറിയ-71, സ്‌പെയിന്‍-133, ഫ്രാന്‍സ്-79, യുഎസ്എ-48 എന്നിങ്ങനെയാണ് രാജ്യങ്ങളിലെ മരണ നിരക്ക്.

ശനിയാഴ്ച മുതല്‍ പതിനഞ്ച് ദിവസത്തേക്കാണ് സ്‌പെയിനില്‍ അടിയന്തരാവസ്ഥ. സ്‌പെയിനില്‍ ഇതുവരെ 4209 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 36പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു.

യുഎസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗത്തെ നേരിടുന്നതിനായി 5000 കോടി യുഎസ് ഡോളര്‍ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് കൂടുതല്‍ ഫണ്ട് ചെലവഴിക്കാനും കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനും കഴിയും.

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരിയാണ് മരണപ്പെട്ടത്. ഇവര്‍ക്ക് വൈറസ് ബാധിച്ചത് വിദേശത്തായിരുന്ന മകനില്‍ നിന്ന്.

ഇവര്‍ ദില്ലി ജനക്പുരി നിവാസിയാണ്. നേരത്തെ കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ധിഖി കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇയാള്‍ ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയയാളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News