കടുത്ത നടപടികളുമായി കുവൈത്ത്; നിരീക്ഷണം ലംഘിച്ചാല്‍ നാടുകടത്തും

കോവിഡ് പ്രതിരോധത്തിന് ശക്തമായ നടപടികളുമായി കുവൈത്ത്. 14 ദിവസത്തെ ഗാര്‍ഹിക നിരീക്ഷണം (ഹോം ക്വാറന്റൈന്‍) ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ 12 മുതല്‍ 26 വരെ എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു.

ഫെബ്രുവരി 27 നുശേഷം രാജ്യത്ത് വന്ന വിദേശ തൊഴിലാളികള്‍ക്ക് ഗാര്‍ഹിക ഏകാന്തവാസമായാണ് കണക്കാക്കുക. ഇത് പ്രവാസികള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. പിടിക്കപ്പെട്ടാല്‍ അവരെ നാടുകടത്തും.

രാജ്യത്ത് ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കി. ജുമുഅ നമസ്‌കാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളിയാഴ്ച പ്രാര്‍ഥന വീട്ടില്‍ നിര്‍വഹിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു.

പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, നടപ്പാതകള്‍ തുടങ്ങിയ എല്ലാ പൊതുഇടങ്ങളും അടച്ചിടാന്‍ കുവൈത്ത് തീരുമാനിച്ചു. വലിയ വ്യാപാര കേന്ദ്രമായ ഫ്രൈഡേ മാര്‍ക്കറ്റ്, ജിംനേഷ്യകള്‍, സിനിമാഹാളുകള്‍, വിവാഹ പാര്‍ടി ഹാള്‍, കോഫി ഷോപ്പ്, റെസ്റ്റോറന്റ് എന്നിവയും അടച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ വിമാനങ്ങള്‍ക്കുള്ള വിലക്ക് വെള്ളിയാഴ്ച രാത്രി നിലവില്‍ വന്നു.

20 പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച നൂറിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here