”ആട്ടിയോടിക്കുന്നത് ഞങ്ങളെയല്ല, നിങ്ങളുടെ വിലപ്പെട്ട ജീവനെയാണ്; ഓര്‍ത്താല്‍ നല്ലത്…” മെയില്‍ നഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയ വീട്ടുടമസ്ഥനോട് റുബി സജ്‌ന: മഹാമാരികള്‍ സ്വന്തംവാതില്‍ മുട്ടുമ്പോള്‍ മാത്രമാണ് മാലാഖ വിളി

കോഴിക്കോട്: കോട്ടയം മെഡിക്കല്‍ കോളേജിലെ മെയില്‍ നഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി, നിപ വൈറസ് ബാധിച്ച അജന്യയെ പരിചരിച്ച നഴ്‌സ് റുബി സജ്‌ന.

റുബി സജ്‌നയുടെ വാക്കുകള്‍:

കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നു മെയില്‍ നഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയ വാര്‍ത്തയും, അതിനു പിന്നാലെ നവ മാധ്യമത്തിലൂടെ മാലാഖ വിളിയുമായി സഹതാപത്തിന്റെ ഇങ്കു കുറുക്കി ചുണ്ടില്‍ തേക്കുന്ന തരത്തിലുള്ള വാര്‍ത്താ അവലോകനങ്ങളും കാണുകയുണ്ടായി…

ഒരു കാര്യം ആദ്യം തന്നെ തുറന്നു പറയട്ടെ… ചെയ്യാത്ത തെറ്റിന് അടികൊണ്ടു മുഖം കലങ്ങിയവനെ നോക്കി മൂക്കത്ത് വിരലമര്‍ത്തി സഹതാപത്തേന്‍ ചുരത്തി തടിയൂരുന്ന മലയാളിയുടെ ആ പൊതുബോധമുണ്ടല്ലോ…
അത് ഞങ്ങള്‍ക്കു വേണ്ട…
ഒപ്പം ചില മഹാമാരികള്‍ സ്വന്തംവാതില്‍ പാളികളില്‍ മുട്ടുമ്പോള്‍ മാത്രമുള്ള ആ മാലാഖ വിളിയും…

വേലയില്ലാതെ തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടന്നതിന്റെ പേരില്‍ ഞങ്ങളോട് സഹതാപം തോന്നി ആരും വിളിച്ചു കൊണ്ടുപോയി ഔദാര്യമായി ഏല്‍പ്പിച്ചു തന്ന തൊഴിലല്ല നഴ്‌സിങ് എന്ന മഹത്തായ പ്രവൃത്തി….
അതായത് ആരോഗ്യ മേഖലയുടെ അകത്തളത്തിലേയ്ക്ക് അര്‍ദ്ധരാത്രിയില്‍ ഓടിളക്കി വന്നവരല്ല ഇന്നത്തെ നഴ്‌സുമാരെന്നു സാരം….

അടിസ്ഥാന വിദ്യാഭ്യാസത്തില്‍ മാന്യമായ മാര്‍ക്കു നേടി മത്സരാധിഷ്ടിത പ്രവേശന പ്രക്രിയയിലൂടെ നല്ല രീതിയില്‍ പണവും ചിലവാക്കി ദീര്‍ഘമായ നാലു വര്‍ഷത്തെ കഠിനമായ നഴ്‌സിങ് പീനവും പൂര്‍ത്തിയാക്കി, തുടര്‍ന്നു പ്രവൃത്തി പരിചയവും നേടി ഊണും, ഉറക്കവും ഒഴിവാക്കി ആവശ്യമായ മുന്‍കരുതലുകളെടുത്ത് ജടഇ പരീക്ഷയില്‍ മികവു പുലര്‍ത്തിയതിലൂടെ ഭരണകൂടത്തിന് പ്രാപ്തമെന്ന് മനസ്സിലായതിന്റെ പേരില്‍ അഭിമാനത്തോടെ ജോലിയില്‍ പ്രവേശിച്ചവരാണ് ഞങ്ങള്‍….

നിപ്പ വരുമ്പോഴും, കൊറോണ വരുമ്പോഴും ആട്ടിയോടിച്ചാല്‍ ഓടാന്‍ മാത്രം നിര്‍മ്മലമൊന്നുമല്ല ഞങ്ങളുടെ മാനസിക വീര്യം…
ആര്‍ത്തവ രക്തത്തിലേയ്ക്ക് നോക്കിയാല്‍ പോലും തല കറങ്ങുമെന്നു പറയുന്ന ആധുനികയുഗത്തിലും അറ്റുപോയി ഭയമുളവാക്കുന്നതും, അളിഞ്ഞു തൂങ്ങി അറപ്പുളവാക്കുന്നതുമായ മനുഷ്യാവയവങ്ങള്‍ക്കു മുന്നില്‍ പോലും പകച്ചുനില്‍ക്കുന്നവരല്ല ഞങ്ങള്‍….

പച്ചയ്ക്ക് പറിച്ചെടുക്കുന്ന ചോര പുരണ്ട കരളിനും, ഹൃദയത്തിനും കാവലൊരുക്കി ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ നൂല്‍പാലമിങ്ങനെ കൈ കൊണ്ട് വലിച്ചു പിടിച്ച് മണിക്കൂറുകള്‍ ചിലവഴിക്കുമ്പോള്‍ ഞങ്ങളാര്‍ജ്ജിക്കുന്ന ആ മനോധൈര്യമുണ്ടല്ലോ… കരുണയില്ലാത്ത കശാപ്പുകാരെപ്പോലും അതിശയിപ്പിക്കുന്നതാണത്…

അരവയര്‍ നിറയ്ക്കാനുള്ള അന്നത്തിനായുള്ള പോരാട്ടമല്ലത്… മുന്നിലെ ടേബിളില്‍ മരണം കാത്തു മലച്ചു കിടക്കുന്ന ആ ശരീരം പലരുടെയും ആശ്രയമാണെന്നും… അവരുടെ സ്വപ്നങ്ങള്‍ തച്ചുടയ്ക്കപ്പെടരുതെന്നുമുള്ള സഹജ വികാരമാണ് അപ്പോള്‍ ഞങ്ങളെ കീഴടക്കുന്നത്….
പലപ്പോഴും സ്വന്തം ചോരയില്‍ പിറന്നവര്‍ പോലും ഭയത്തോടെ അകന്നു നില്‍ക്കുമ്പോഴും അനുകമ്പയോടെ അടുത്തെത്തി ചേര്‍ത്തു പിടിക്കാന്‍ ഞങ്ങളാണുണ്ടാകുന്നത്….

ഇന്ന് ഞങ്ങളുടെ സഹോദരന്‍മാരെ ആട്ടിയിറക്കിയ വീട്ടുടമസ്ഥനായ കോട്ടയത്തെ ആ പ്രഭുകുമാരനുണ്ടല്ലോ…. അയാള്‍ക്കു പോലും അവസാന നിമിഷം മറ്റാരെക്കാളും ഒരു നഴ്‌സിന്റെ സാമീപ്യം കൊതിക്കാതെ മരണത്തിനു കീഴടങ്ങാനാകില്ല…

കാരണം ഈ ലോകത്ത് ഒരോ മനുഷ്യനും, പിറക്കുന്നതും മരിക്കുന്നതും ഞങ്ങളുടെ കരവലയത്തിനുള്ളിലൂടെത്തന്നെയാണ്…..
നിങ്ങള്‍ ആട്ടിയിറക്കിയിട്ടും അസഹിഷ്ണതയുടെ അല്‍പ്പഭാവം പോലും കാണിക്കാതെ അന്തസായി അവര്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നത് അവരില്‍ അന്ധമായ അടിമത്വം ഉണ്ടായത് കൊണ്ടാണ് എന്ന് ആരും തെറ്റിദ്ധരിക്കേണ്ട…..

ആരോഗ്യ മേഘലയില്‍ ഇന്നിന്റെ മാതൃകയായി മാറിയ കേരളത്തിന്റെ ആരോഗ്യ വകുപ്പും, കേരളം ഇടനെഞ്ചേട് ചേര്‍ക്കുന്ന ആരോഗ്യ പരിപാലന രംഗത്തെ അത്ഭുത പ്രതിഭാസമായ ഷൈലജ ടീച്ചറും വിഭാവനം ചെയ്യുന്ന മഹത്തായ അതിജീവന പോരാട്ടങ്ങളില്‍ അടിപതറാതെ അണിചേരുവാനുള്ള അടങ്ങാത്ത അഭിവാഞ്ജ കൊണ്ടു കൂടിയാണ്…..

കേരളത്തിലെ ജനകീയ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ അതിജീവന പ്രവര്‍ത്തനങ്ങള്‍ നാളെയുടെ ചരിത്രത്തില്‍ സുപ്രധാന ഏടായീ എഴുതപ്പെടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്… അത്തരമൊരു പോരാട്ടത്തിനിടയില്‍ കോട്ടയത്തെ ആ വീട്ടുടമസ്ഥന്റെ ശബ്ദം കേവലം ഒരു ചീവീടിന്റെ ചിലമ്പലായി മാത്രമേ ഞങ്ങള്‍ക്കനുഭവപ്പെടുന്നുള്ളൂ….

അത് കൊണ്ട് തല്‍ക്കാലം സഹതാപപ്പട്ടമല്ല ഞങ്ങള്‍ക്ക് വേണ്ടത് … സമൂഹത്തില്‍ വളര്‍ന്ന് വരുന്ന ഇത്തരത്തിലുള്ള അസുര ചിന്തകള്‍ക്കെതിരെ ആര്‍ജവത്തോടെ പ്രതികരിക്കുന്ന ഒരു തലമുറയുടെയും ഞങ്ങളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് കേരളത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെയും പൂര്‍ണ്ണ പിന്തുണ മാത്രം മതി….

വീട്ടുടമസ്ഥന്‍ പുറത്താക്കിയ ഞങ്ങളുടെ ആ മൂന്ന് സഹോദരന്‍മാരുണ്ടല്ലോ… അവര്‍ക്ക് കയറിക്കിടക്കുവാന്‍ ഒരു കൂരയില്ലാഞ്ഞിട്ടല്ല…,
ഈ നാട് അനുഭവിക്കുന്ന അതിതീവ്രമായ അസുരാണുക്കളെ പ്രതിരോധിക്കാനായി അണമുറിയാത്ത സേവനം ചെയ്യണമെന്ന ആത്മാര്‍പ്പാണ ബോധമുള്ളത് കൊണ്ടാണ് അവരിന്നും ആ ആശുപത്രി ചുവരുകള്‍ക്കുള്ളില്‍ അന്തിയുറങ്ങാന്‍ തയ്യാറാവുന്നത് എന്ന് കൂടി ഓര്‍മ്മപ്പെടുത്തുന്നു…….

വീട്ടുടമസ്ഥനോട് അല്‍പ്പം ദേഷ്യത്തോടെ തന്നെ പറയട്ടെ….

നിങ്ങള്‍ ആട്ടിയോടിക്കുന്നത് ഞങ്ങളെയല്ല…. നിങ്ങളുടെ വിലപ്പെട്ട ജീവനെ തന്നെയാണ്…. ഓര്‍ത്താല്‍ നല്ലത്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here