മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം.
ഞായറാഴ്ച രാവിലെ 11 മുതലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുക. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ രണ്ടാഴ്ചക്കിടയില്‍ വിമാനങ്ങള്‍ അനുവദിക്കുകയുള്ളൂവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.
ഈ കാലയളവില്‍ തിരികെ വരാന്‍ കഴിയാത്ത താമസക്കാര്‍ക്ക്, ഇത് ഔദ്യോഗിക അവധിദിനമായി കണക്കാക്കും. വിമാനങ്ങളില്‍ വരുന്നവര്‍ക്ക് അംഗീകരിക്കപ്പെട്ട പ്രതിരോധ നടപടികള്‍ അനുസരിച്ച് പരിശോധന, ക്വാറന്റൈന്‍ എന്നിവ സംബന്ധിച്ച് ക്രമീകരണങ്ങള്‍ നടത്തും.
നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക്, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി തുടങ്ങിയവര്‍ ചേര്‍ന്ന് ആവശ്യമായ ഒരുക്കം നടത്തും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാജ്യത്ത് 24 പുതിയ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 86 ആയി വര്‍ധിച്ചു. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും

Get real time update about this post categories directly on your device, subscribe now.