‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’; മാനസികാരോഗ്യ പരിപാടിയുമായി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 22 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിക്കുകയും രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 300 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും 5500 ഓളം പേര്‍ വീട്ടിലെ നിരീക്ഷണത്തിലും ഉള്ള സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

വീട്ടിലും ആശുപത്രിയിലും കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2018 ലെ പ്രളയത്തിലും നിപാ വൈറസ് ബാധ സമയത്തും 2019ലെ ഉരുള്‍പ്പൊട്ടലിലും കോവിഡ്-19 രോഗ ബാധയുടെ ഒന്നാംഘട്ടത്തിലും വിജയകരമായി നടപ്പിലാക്കിയ മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് പുതിയ സാഹചര്യത്തിലും നടപ്പിലാക്കുന്നത്.

2018ലെ പ്രളയത്തെ തുടര്‍ന്ന് രണ്ടര ലക്ഷത്തിലധികം പേര്‍ക്കും ഉരുള്‍പ്പൊട്ടലില്‍ അരലക്ഷത്തിലധികം പേര്‍ക്കുമാണ് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു വശത്ത് നിരീക്ഷണത്തിലുള്ളയാളിന്റെ മാനസികാവസ്ഥ മറുവശത്ത് പ്രിയപ്പെട്ടവരെ കുറിച്ചുള്ള ചിന്തകള്‍. അതേ സമയം ഇവരെപ്പറ്റിയുള്ള പ്രിയപ്പെട്ടവരുടെ ആശങ്കകള്‍… ഇതാണ് കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവരുടെ അവസ്ഥ.

ഇങ്ങനെയൊരവസ്ഥയില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുക്കാനാണ് മാനസികാരോഗ്യ പരിപാടി ശക്തിപ്പെടുത്തിയത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 150 ഓളം മാനസികോരോഗ്യ വിദഗ്ധരെയാണ് സജ്ജമാക്കിയിട്ടുള്ളത്.

ഇതുവരെ 6450 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങളാണ് നല്‍കിയത്. നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ വിദഗ്ധര്‍ ബന്ധപ്പെടുന്നുണ്ട്.

എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാരമാര്‍ഗങ്ങളും ചികിത്സയും നിര്‍ദേശിക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ അവര്‍ക്ക് തിരിച്ച് ബന്ധപ്പെടുവാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്യുന്നു.

ഇതിന് പുറമെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരെ പ്രത്യേകമായി വിളിക്കുകയും സാന്ത്വനം നല്‍കുകയും ചെയ്യുന്നതിനൊപ്പം അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു പറ്റുന്നിടത്തോളം സേവനങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ഓരോ ജില്ലയിലും ഇതിനായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News