കൊറോണയില്‍ ആശ്വാസം: ഇന്ന് പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി; നിയന്ത്രണങ്ങള്‍ ഫലപ്രദം, ജാഗ്രത കൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നും നല്ല രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 7676 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. 7375 പേര്‍ വീടുകളിലാണ്. 302 പേര്‍ ആശുപത്രികളിലാണ് തുടരുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ ഭക്ഷണത്തിന് പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിച്ചിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈറസ് പടരാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന ബോധം എല്ലാവരിലുമുണ്ടാകണമെന്നും ഇതിനായി നല്ല ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോധവത്കരണത്തിന് പൊലീസും ഭാഗമാകും. സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാകുന്നവര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിമാനത്താവളങ്ങളില്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘമുണ്ടാകും. വിമാനത്താവളത്തിനടുത്ത് കൊറോണ കെയര്‍ സെന്റുകളുണ്ടാകും.

ട്രെയിനുകളിലും കൂടുതല്‍ പരിശോധന നടത്തും. അതിര്‍ത്തി കടന്നുള്ള ആദ്യ സ്‌റ്റേഷനിലെത്തുന്ന ട്രെയിനിലെ എല്ലാവരെയും പരിശോധിക്കും. രണ്ടു ബോഗിക്ക് മൂന്നു പേരടങ്ങിയ ഒരു ടീം റെയില്‍വേയുമായി സഹകരിച്ചാകും പരിശോധനകള്‍ നടത്തുകയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും ഇവരില്‍ ശുചിത്വം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ശുചിത്വമുള്ളതാണെന്ന് ജനങ്ങള്‍ ഉറപ്പാക്കണം. കെഎസ്ആര്‍ടിസിക്ക് ഇതിനായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും ഇതിനായി ഫലപ്രദമായി ഇടപെടാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ ഇടപെട്ടിട്ടുണ്ട്. ചിലര്‍ നെഗറ്റീവ് വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നു. എന്നാല്‍ മാധ്യമങ്ങള്‍ അതിന് പിന്നാലെ പോയില്ല. പക്ഷെ ജാഗ്രത പാലിക്കണം. ആശുപത്രികളിലും രോഗബാധയുമുള്ള സ്ഥലങ്ങളില്‍ പോയി റിപ്പോര്‍ട്ടിംഗ് നടത്തരുത്. രോഗികളുടെ ബന്ധുക്കളെ കാണുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിദേശികളായ വിനോദസഞ്ചാരികളെ അന്യരായി കാണരുതെന്നും അവരോട് മോശമായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരും വീടിന് പുറത്തിറങ്ങരുതെന്ന സമീപനമില്ല. പക്ഷെ ജാഗ്രത പാലിക്കണം. ഷോപ്പിംഗ് മാളുകളില്‍ ഇപ്പോള്‍ ജനം എത്തുന്നില്ല. പരീക്ഷകളൊന്നും മാറ്റിവയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News