സർക്കാർ നിർദ്ദേശം പ്രാവർത്തികമായി; കെ എസ് ഡി പിയുടെ സാനിറ്റൈസർ എത്തിത്തുടങ്ങി

ആലപ്പുഴ : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിത വിലയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം പതിരപ്പള്ളി കേരള ഡ്രഗ്‌സ് ആൻഡ് ഫാർമ സ്യൂട്ടിക്കൽസ് നിർമ്മിച്ച സാനിറ്റൈസർ ലഭ്യമാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നു.

വൈറസ് പരക്കുന്നതിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ സർക്കാർ നടത്തുന്നതിന്റെ ഭാഗമാണിതെന്ന് ചെയർമാൻ ടി.സി. ചന്ദ്രബാബു അറിയിച്ചു.

കൊറോണ വ്യാപനെത്തെ തടയാൻ വ്യക്തിശുചിത്വം പാലിക്കയാണ് ഏറ്റവും പ്രധാനം. ഇതിനുള്ള സജ്ജീകരണങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പും, മറ്റ് ഗവൺമൻറ് സംവിധാനങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു.

കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സാനിറ്റൈസർ മാർക്കറ്റിൽ ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. ഈ പശ്ചാത്തലത്തിലാണ്കെ .എസ്.ഡി.പി. സാനിറ്റൈസർ ഉല്പാദനം ആരംഭിച്ചത്.

ലോകാരോഗ്യ സംഘടന (W.H.O)നിഷ്കർഷിച്ചിട്ടുള്ള ഫോർമുല അടിസ്ഥാനപ്പെടുത്തി സാനിറ്റൈസർ ഉല്പാദനം വെളളിയാഴ്ച മുതൽ ആരംഭിച്ചു. ഇതിനകം 500 മി.ലി അളവിലുള്ള 2,000 യൂണിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കെ.എം.എസ്.സി.എൽ മുഖേനെ എത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരം ഒരു ലക്ഷം യൂണിറ്റ് ഉല്പാദിപ്പിച്ച് നൽകുന്നതിനാണ് കെ എസ് ഡി പി ശ്രമിക്കുന്നത്. 24 മണിക്കൂർ ഉല്പാദനം വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ലക്ഷ്യംകൈവരിക്കാൻ ആകുമെന്നാണ് കരുതുന്നത്.

പുറം മാർക്കറ്റിൽ 500 മി.ലി. യൂണിറ്റിന് 500 രൂപയിലധികം വിലവരും. ഇത് കെ.എസ്.ഡി.പി 125 രൂപയ്ക്കാണ് നൽകുന്നത്. കെ.എസ്.ആർ.ടി.സി, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നീ മേഖലകളിൽ നിന്നും സാനിറ്റൈസർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ സപ്ലെയുടെ ആവശ്യം നിറവേറ്റിക്കഴിഞ്ഞാൽ ഇതും പരിഗണിക്കും.

ദേശീയ വിരവിമുക്ത ക്യാമ്പയിന് (NDD) വേണ്ടി സംസ്ഥാനത്തിന് ആവശ്യമായ 72 ലക്ഷം ആൽബൻസോൾ ഗുളിക നിർമ്മിച്ച് നൽകിയതും കെ.എസ്.ഡി.പി.യാണ്.

പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യുന്നതിന് കേരളത്തിന്റെ സാമൂഹിക അവബോധവും, പ്രതിരോധ സംവിധാനത്തിന്റെ ലഭ്യതയുമാണ് വലിയ കാരണമായത്. സർക്കാർ സ്ഥാപനമായ കെ.എസ്.ഡി.പി.യെ നവീകരിച്ച് കാര്യക്ഷമമാക്കിയതിന്റെ നേട്ടമാണ് കേരള സമൂഹത്തിന് ഇപ്പോൾ പ്രാപ്യമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here