രാജ്യത്ത് നൂറുപേര്‍ക്ക് കൊറോണ; പൂനെയില്‍ മാത്രം 15 പേര്‍ക്ക് വൈറസ് ബാധ

ദില്ലി: രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം പത്തൊമ്പതില്‍ നിന്ന് 31 ആയി വര്‍ധിച്ചു.

വളരെ പെട്ടെന്ന് വൈറസ് ആളുകളിലേക്ക് ബാധിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ്-19 നെ കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഉത്തരവ് തിരുത്തിയിരുന്നു.

കൊവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ധനസഹായം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മാത്രമാക്കി ചുരുക്കിയുള്ള പരിഷ്കരണമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ ഈ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപവരെ ധനസഹായം സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് നൽകാനാവുമെന്ന് ആദ്യം പുറത്തിറക്കിയ കേന്ദ്ര ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

തൊട്ടുപിന്നാലെ ഇറക്കിയ പരിഷ്കരിച്ച ഉത്തരവിൽ ഈ നിര്‍ദ്ദേശം ഒഴിവാക്കിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം ധനസഹായം നൽകില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്.

ധനസഹായം മരുന്ന്, കരുതൽ, കേന്ദ്രങ്ങൾ, ലാബുകൾ എന്നിവ ഉൾപ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മാത്രമാക്കി മാറ്റിയിട്ടുണ്ട്. ദുരന്തര നിവാരണ നിധിയിലെ പരമാവധി 25 ശതമാനം വരെ തുക ഇതിനായി ചെലവഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News