കൊറോണ: മൂന്നാറില്‍ കനത്ത ജാഗ്രത: വിദേശസഞ്ചാരികളുടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കും; ജീപ്പ് സവാരികള്‍ ഒഴിവാക്കണം; ടീ കൗണ്ടി റിസോര്‍ട്ട് അടച്ചു, മാനേജരെ അറസ്റ്റ് ചെയ്യും

ഇടുക്കി: മൂന്നാറില്‍ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശസഞ്ചാരികളുടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം.

നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും നിലവിലുള്ള വിനോദ സഞ്ചാരികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

മൂന്നാര്‍ മേഖലയില്‍ ഊര്‍ജിത ബോധവത്കരണം നടത്തും. ജീപ്പ് സവാരികള്‍ ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകരെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സഞ്ചാരികള്‍ കൂടുതലെത്തുന്ന ആനച്ചാലിലും പള്ളിവാസലിലും ചിന്നക്കനാലിലും ഇന്നും നാളെയുമായി അടിയന്തിര യോഗം ചേരും.

ഇതിനിടെ യുകെ സഞ്ചാരി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ട് അടച്ചു. രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്നാറില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇയാള്‍ മൂന്നാറില്‍ നിന്നു പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ തീരുമാനം.

അതേസമയം, കൊറോണ ബാധിതനായ യുകെ സ്വദേശി കയറിയ വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളം അടച്ചിടാനും സാധ്യതയുണ്ട്.

മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ടയാളാണ് യുകെ പൗരനായ രോഗബാധിതന്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇന്ന് രാവിലെ കൊച്ചിയില്‍നിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

സ്രവപരിശോധന ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കി പരിശോധന നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News