മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് ഇല്ല

മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് ഇല്ല. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ നിരാകരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചര്‍ച്ചയും മാത്രമാണ് നാളത്തെ നടപടി ക്രമങ്ങള്‍. വേഗം വിശ്വാസ വോട്ടെടുപ്പ്
നടത്തണം എന്ന ആവശ്യവുമായി ബിജെപി സുപ്രീംകോടതിയെ സമീപിക്കാന്‍ ഇടയുണ്ട്.

സവിശേഷ അധികാരം ഉപയോഗിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം പാഴായി. സഭാ കാര്യങ്ങളില്‍ അന്തിമ തീര്‍പ്പ് കല്പിക്കാന്‍ ഉള്ള അധികാരത്തിന്റെ ബലത്തില്‍ ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ എന്‍ പി പ്രജാപതി നിരാകരിച്ചു. ഇതോടെ വിശ്വാസ വോട്ടെടുപ്പ് കോണ്‍ഗ്രസ് ആഗ്രഹിച്ചത് പോലെ നീളുകയാണ്.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ 2 അജണ്ടകള്‍ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും രണ്ട് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേല്‍ ഉള്ള നന്ദി പ്രമേയ ചര്‍ച്ചയും. തല്‍ക്കാലം വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ കമല്‍നാഥ് സര്‍ക്കാരിന് ആയുസ് അല്പം നീട്ടി കിട്ടി.

വിമതരെ ഏത് വിധേനയും അനുനയിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കാനാകും കോണ്‍ഗ്രസ് ശ്രമം. വിമതര്‍ ബെംഗളൂരുവില്‍ തന്നെ തങ്ങുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സാവകാശം കോണ്ഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം. അതേസമയം ഗവര്‍ണറുടെ സഹായത്തില്‍ വിശ്വാസ വോട്ടെടുപ്പിന് ഒരുങ്ങിയ ബിജെപിക്ക് ഇപ്പോഴത്തെ തീരുമാനം തിരിച്ചടി ആയി.

വിശ്വാസ വോട്ടെടുപ്പ് വേഗത്തില്‍ നടത്തുന്നതിന് ബിജെപി നിയമ വഴി തേടാനുള്ള സാധ്യത ശക്തമാണ്. ബിജെപി നേതാക്കള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി നേരത്തെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് വേഗത്തില്‍ നടത്താന്‍ നിര്‍ദേശം നല്‍കികൊണ്ടായിരുന്നു കര്‍ണാടക, മഹാരാഷ്ട്ര കേസുകളിലെ കോടതി ഉത്തരവുകള്‍. വിശ്വാസ വോട്ടെടുപ്പ് അനന്തമായി നീട്ടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായാല്‍ മുന്‍ അനുഭവങ്ങളുടെ ആത്മവിശ്വാസത്തില്‍ ബിജെപി സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യത ഏറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News