ഒന്നിച്ചുപോരാടാന്‍ സാര്‍ക്; വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നിധി, ഇന്ത്യ ഒരു കോടി ഡോളര്‍ നല്‍കും

ദില്ലി: സാര്‍ക്ക് മേഖലയില്‍ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നിധി. സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാര്‍ ഞായറാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ ഉച്ചകോടിയിലാണ് അടിയന്തര നിധി ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് നിധി രൂപീകരണം നിര്‍ദേശിച്ചത്. നിധിയിലേക്ക് ഇന്ത്യയുടെ വിഹിതമായി ഒരു കോടി ഡോളര്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമദ് സാലിഹ്, ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്‌സെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ലൊതെ ഷെറിങ്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യ വിഷയങ്ങള്‍ക്കായുള്ള സ്പെഷ്യല്‍ അസിസ്റ്റന്റ് ഡോ. സഫര്‍ മിര്‍സ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

കോവിഡ് തടയാന്‍ ഇന്ത്യ സ്വീകരിച്ച നടപടി പ്രധാനമന്ത്രി വിശദീകരിച്ചു. സാര്‍ക്ക് രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ ഒരുക്കമാണ്. വൈദ്യ സംഘങ്ങള്‍ക്ക് പരിശീലനം നല്‍കാം. ഇന്ത്യയിലെ ദ്രുത പ്രതികരണ സംഘത്തിലെ ഡോക്ടര്‍മാരും മറ്റും സഹായിക്കാന്‍ സന്നദ്ധമാണ്. സാര്‍ക്ക് രാജ്യങ്ങളുടെ സഹകരണം ലോകത്തിനാകെ മാതൃകയാകണം. ഈ പോരാട്ടത്തില്‍ യോജിച്ച് വിജയിക്കണം.

കോവിഡ് രോഗികളെ കണ്ടെത്തുന്നതിനായി വികസിപ്പിച്ച സംയോജിത രോഗ നിരീക്ഷണ പോര്‍ട്ടലിന്റെ സോഫ്റ്റ്വെയര്‍ അംഗരാജ്യങ്ങള്‍ക്ക് കൈമാറാം. സാര്‍ക്ക് ദുരന്തകൈകാര്യ കേന്ദ്രം പോലുള്ള നിലവിലെ സംവിധാനം ഉപയോഗപ്പെടുത്തണം. പൊതു ഗവേഷണ വേദിക്ക് രൂപം നല്‍കണമെന്നും- മോഡി പറഞ്ഞു.

ഇറാനുമായി തുറന്ന അതിര്‍ത്തി പങ്കിടുന്നതില്‍ അഫ്ഗാന്‍ പ്രസിഡന്റ് ആശങ്ക പങ്കുവച്ചു. ഷാങ്ഹായ് സഹകരണം സംഘടനയില്‍ അംഗമായ ഇന്ത്യയ്ക്ക്, ചൈനയുടെ രീതികള്‍ മനസ്സിലാക്കി അംഗരാജ്യങ്ങളെ സഹായിക്കാനാകുമെന്നും ഗനി പറഞ്ഞു. വൈദ്യസഹായം നല്‍കിയതിലും വുഹാനില്‍നിന്ന് മാലദ്വീപുകാരെ എത്തിച്ചതിലും പ്രസിഡന്റ് സൊലിഹ് ഇന്ത്യക്ക് നന്ദി അറിയിച്ചു. സമ്പദ്വ്യവസ്ഥയെ സഹായിക്കാന്‍ യോജിച്ച ശ്രമമുണ്ടാകണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് പറഞ്ഞു.

ഇപ്പോഴത്തെ സംഭാഷണം സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി തുടരണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തകസമിതി രൂപീകരിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ എല്ലാ നിയന്ത്രണവും പിന്‍വലിക്കണം. സാര്‍ക്ക് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുക്കമാണെന്നും അദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News