കൊറോണ പടരുന്നു; ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 368 മരണം

കൊവിഡ് 19 വൈറസ് ബാധ യൂറോപ്പില്‍ എമ്പാടും അതിരൂക്ഷമായി പടരുകയാണ്.

രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇന്നലെ രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടന കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി യൂറോപ്പിനെ പ്രഖ്യാപിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുകയാണ്.

സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നത്. ഇറ്റലിയില്‍ 368 പേരും സ്‌പെയിനില്‍ 97 പേരും ഫ്രാന്‍സില്‍ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടമായത് ഇതാദ്യമായാണ്.

കൊറോണ ബാധ രൂക്ഷമായ ഇറ്റലിയില്‍ ഇതോടെ മരണം 1809 ആയി. സ്‌പെയിനില്‍ 288 പേരും ഫ്രാന്‍സില്‍ 120 പേരും ഇതുവരെ കൊവിഡ് 19 ബാധയില്‍ മരിച്ചു. ഇംഗ്ലണ്ടിലും കൊവിഡ് നാശം വിതയ്ക്കുകയാണ്. 14 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇംഗ്ലണ്ടിലെ ആകെ മരണസംഖ്യ 35 ആയി.

24,747 പേര്‍ക്കാണ് ഇറ്റലിയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ന്ന് 2200ല്‍ എത്തി. 14 മരണങ്ങളാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇംഗ്ലണ്ടിനും അയര്‍ലണ്ടിനും കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചു. ഇതോടെ 28 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല. 62 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ജോലിക്കുപോകാനും ആഹാരവും മരുന്നുകളും വാങ്ങാനും അടിയന്തര ആവശ്യങ്ങള്‍ക്കും മാത്രമേ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാവൂ എന്നാണ് നിര്‍ദ്ദേശം. അയര്‍ലണ്ടിലെ പബ്ബുകള്‍ അടച്ചുപൂട്ടി. അഞ്ച് പേരില്‍ കൂടുതലുള്ള ആള്‍ക്കൂട്ടങ്ങള്‍ പാടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News