കൊറോണ: ഗള്‍ഫില്‍ ആദ്യ മരണം; ദില്ലിയിലും കടുത്തനിയന്ത്രണങ്ങള്‍; മഹാരാഷ്ട്രയില്‍ നാലുപേര്‍ക്ക് കൂടി വൈറസ് ബാധ; കനത്ത ജാഗ്രതയില്‍ ശ്രീചിത്ര, പിഎസ്.സി പരീക്ഷകള്‍ റദ്ദാക്കി

മനാമ: ഗള്‍ഫിലെ ആദ്യ കൊറോണ വൈറസ് മരണം ബഹ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. 62 വയസുള്ള ബഹ്റിന്‍ സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.

നേരത്തെ തന്നെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു ഇവരെന്നും കഴിഞ്ഞമാസമാണ് ഇറാനില്‍ നിന്ന് തിരിച്ചെത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസ് ബാധിതരായ ഒരാളുടെയൊഴികെ ബാക്കിയെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. 137 പേര്‍ക്കാണ് ബഹ്റിനില്‍ കൊറോണ സ്ഥിരീകരിച്ചത്. അതില്‍ 77 പേര്‍ രോഗ മുക്തരായി.

ദില്ലിയില്‍ കടുത്ത നിയന്ത്രണം

ദില്ലി: കൊറോണ ബാധ കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി ദില്ലിയില്‍ ആളുകള്‍ കൂടുന്നതിനും മറ്റും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

നിയന്ത്രണം ഷാഹീന്‍ബാഗ് സമരത്തിനും ബാധകമാകും. രാത്രി ക്ലബുകള്‍, ജിമ്മുകള്‍, സ്പാകള്‍ തുടങ്ങിയവ മാര്‍ച്ച് 31 വരെ അടച്ചിടും. വിവാഹം പോലെയുള്ള ചടങ്ങുകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കി. 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന മത, സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ നാലുപേര്‍ക്ക് കൂടി കൊറോണ

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് നാലുപേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.

മുംബൈയില്‍നിന്നുള്ള മൂന്നുപേര്‍ക്കും നവി മുംബൈയില്‍നിന്നുള്ള ഒരാള്‍ക്കുമാണ് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ആയി.

സംസ്ഥാനത്തെ മുഴുവന്‍ ഷോപ്പിംഗ് മാളുകളും മാര്‍ച്ച് അവസാനം വരെ അടച്ചിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

വിദേശത്ത് നിന്നും എത്തിയവര്‍ ഉടന്‍ ബന്ധപ്പെടണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും തിരുവനന്തപുരം ജില്ലയിലെത്തിയവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.

കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്നും എത്തിയവര്‍ 1077, 1056 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ നിര്‍ബന്ധമായും വിളിക്കണം. ഇവര്‍ തങ്ങളുടെ യാത്രാവിവരങ്ങള്‍ അറിയിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഇവര്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങള്‍ അറിയിക്കണം. ഈ നിര്‍ദേശം കൃത്യമായും പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കനത്ത ജാഗ്രതയില്‍ ശ്രീചിത്ര

വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ശ്രീചിത്ര ആശുപത്രി.

ജീവനക്കാരും ഡോക്ടറുമടക്കം 30 പേര്‍ നിരീക്ഷണത്തിലാണ്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു. മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

ഇയാള്‍ ആദ്യഘട്ടത്തില്‍ മുന്‍കരുതലൊന്നും സ്വീകരിച്ചിരുന്നില്ല. പത്ത്, പതിനൊന്ന് തീയതികളില്‍ മാസ്‌ക് ധരിച്ച് ഡോക്ടര്‍ ഒപിയിലെത്തിയ രോഗികളെ പരിശോധിച്ചിരുന്നു.

ജില്ലയില്‍ മാത്രം 1449 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

പിഎസ്.സി പരീക്ഷകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പിഎസ്.സി പരീക്ഷകളെല്ലാം റദ്ദാക്കി. ഏപ്രില്‍ 14 വരെയുള്ള പരീക്ഷകളാണ് റദ്ദാക്കിയത്.

എഴുത്തു പരീക്ഷകള്‍, അഭിമുഖങ്ങള്‍, വകുപ്പുതല പരീക്ഷകള്‍ എല്ലാം മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു.
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News