കൊറോണ: മൂന്നാം ഘട്ടത്തില്‍ സമൂഹ വ്യാപനം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം: സീതാറാം യെച്ചൂരി

ദില്ലി: രാജ്യത്ത്‌ കോവിഡ്‌ മൂന്നാംഘട്ടത്തിൽ സമൂഹവ്യാപനം തടയാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

അടുത്ത 30 ദിവസം ഇക്കാര്യത്തിൽ നിർണായകമാണെന്ന്‌ ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌) മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

ഈ ഘട്ടത്തിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ നേരിടാൻ അടിയന്തര പദ്ധതിക്കും ഫണ്ടിനും രൂപംനൽകണമെന്നും പൊളിറ്റ്‌ബ്യൂറോ യോഗതീരുമാനങ്ങൾ വിശദീകരിക്കെ യെച്ചൂരി പറഞ്ഞു.

രോഗനിർണയ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിൽ ഇന്ത്യ ഇതര രാജ്യങ്ങളെ അപേക്ഷിച്ച്‌ പിന്നിലാണ്‌. വൈറസ്‌ ‌ബാധ സംശയിക്കുന്നവരെ യഥാസമയം പരിശോധിക്കാനും തുടർനടപടി സ്വീകരിക്കാനും കൂടുതൽ കേന്ദ്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കണം. ഗ്രാമങ്ങളിൽ അടിസ്ഥാന പൊതുആരോഗ്യ കേന്ദ്രങ്ങൾ അപര്യാപ്‌തമാണ്‌.

രോഗബാധ സംശയിക്കുന്നവർ വീടുകളിൽ സമ്പർക്കരഹിതരായി കഴിയണമെന്ന്‌ പറയുന്നത്‌ രാജ്യത്തെ സാഹചര്യത്തിൽ അപ്രായോഗികമാണ്‌.

ഒരാൾക്ക്‌ മാത്രമായി ഒരു മുറി നീക്കിവയ്‌ക്കാൻ പല വീടുകളിലും കഴിയില്ല. അതിനാൽ കൂടുതൽ പൊതുആരോഗ്യകേന്ദ്രങ്ങൾ തുടങ്ങണം.

അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കണം. ആരോഗ്യമേഖലയ്‌ക്കുള്ള ബജറ്റ്‌ വിഹിതം ഉയർത്തണം.

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകാനും രോഗികളെ ചികിത്സിക്കാനും സംസ്ഥാന ദുരന്തനിവാരണ ഫണ്ട്‌ വിനിയോഗിക്കാൻ അനുമതി നൽകിയ വിജ്ഞാപനം തിരുത്തിയ നടപടി അപലപനീയമാണ്‌. ഇത്‌ ഉടൻ പിൻവലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here