വരുന്നു കുടുംബശ്രീയുടെ പുനരുപയോഗിക്കാവുന്ന മാസ്കുകള്‍

കൊച്ചി: കൊറോണ രോഗഭീഷണിയുടെ പശ്‌ചാത്തലത്തിൽ സംസ്ഥാനത്തുണ്ടായ മാസ്‌ക്‌ ക്ഷാമത്തിന്‌ പരിഹാരം കാണാൻ കുടുംബശ്രീ രംഗത്ത്‌. സംസ്ഥാനത്താകെ തിങ്കളാഴ്‌ച പ്രവർത്തനമാരംഭിച്ച 200 യൂണിറ്റുവഴി പ്രതിദിനം രണ്ടിനത്തിലുള്ള 50,000 മാസ്‌കാണ്‌ കുടുംബശ്രീ നിർമിക്കുക.

കോട്ടൺ തുണി ഉപയോഗിച്ചുള്ള പുനരുപയോഗിക്കാവുന്ന മാസ്‌കുകളാണ്‌ കുടുംബശ്രീ നിർമിക്കുന്നത്‌. ഒരുപാളി തുണിയിൽ നിർമിക്കുന്ന മാസ്‌കിന്‌ പത്തു രൂപയും രണ്ടു പാളിയുള്ളതിന്‌ 15 രൂപയുമാണ്‌ വില. ഉയർന്ന ഗുണനിലവാരമുള്ള കോട്ടൺ തുണിയിൽ നിർമിക്കുന്ന മാസ്‌ക്‌ സ്‌റ്റെറിലൈസ്‌ ചെയ്‌ത്‌ പുനരുപയോഗിക്കുകയും ചെയ്യാം.

ഇതേവിലയ്‌ക്ക്‌ നിലവിൽ വിപണിയിൽ കിട്ടുന്ന മാസ്‌കുകൾ 4–-6 മണിക്കൂർ ഉപയോഗിച്ച്‌ ഉപേക്ഷിക്കണം. കുടുംബശ്രീയുടെ മാസ്‌കുകൾ തൽക്കാലം പൊതുവിപണിയിൽ ലഭിക്കില്ല. സംസ്ഥാനത്തെ ഇപ്പോഴത്തെ ആവശ്യത്തിനുള്ള ഉൽപ്പാദനമില്ലാത്തതിനാലാണിത്‌.

സംസ്ഥാന മെഡിക്കൽ സർവീസസ്‌ കോർപറേഷൻ വഴിയാകും മാസ്‌ക്‌ ആവശ്യക്കാരിലേക്ക്‌ എത്തിക്കുക. കൂടുതൽ യൂണിറ്റുകൾ ഉൽപ്പാദനം തുടങ്ങുന്നമുറയ്‌ക്ക്‌ പൊതുവിപണിയിലും വിൽക്കാനാകുമെന്നാണ്‌ പ്രതീക്ഷ. വിവിധ സംഘടനകളും സ്വകാര്യ ആശുപത്രികളും ജില്ലാ മെഡിക്കൽ ഓഫീസുകളുമൊക്കെ കുടുംബശ്രീയുടെ മാസ്‌കിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.

കൊറോണ ഭീഷണി വന്നതോടെ സംസ്ഥാനത്ത്‌ മാസ്‌ക്‌ ക്ഷാമം രൂക്ഷമാണ്‌. ചൈനയിൽനിന്നും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമാണ്‌ മാസ്‌ക്‌ പൊതുവിപണിയിൽ എത്തിയിരുന്നത്‌.

രോഗം വ്യാപിച്ചതോടെ ആ വഴികൾ അടഞ്ഞു. ആവശ്യക്കാരും അല്ലാത്തവരും മാസ്‌ക്‌ വൻതോതിൽ വാങ്ങി സൂക്ഷിച്ചതും ക്ഷാമത്തിന്‌ കാരണമായി. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാനത്തെ ഉയർന്ന ആവശ്യം പരിഗണിച്ച്‌ കുടുംബശ്രീ രംഗത്തുവന്നത്‌.

കൊല്ലത്തെ രണ്ടു കുടുംബശ്രീ അപ്പാരൽ യൂണിറ്റിലാണ്‌ കൂടുതൽപേർ മാസ്‌ക്‌ നിർമിക്കുന്നത്‌. എഴുപത്തഞ്ചോളം വനിതകൾ.

എറണാകുളം, കോഴിക്കോട്‌, കണ്ണൂർ, ആലപ്പുഴ ജില്ലകളിലെ അപ്പാരൽ യൂണിറ്റുകളും രംഗത്തുണ്ട്‌. മാസ്‌കിനുപുറമെ സംസ്ഥാനത്ത്‌ ക്ഷാമമുള്ള സാനിറ്റൈസർ നിർമാണവും കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News