രഞ്ജന്‍ ഗൊഗോയിക്ക് എന്തെങ്കിലും സ്ഥാനം കിട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു; ഇത്രയും പെട്ടെന്ന് തീരുമാനമുണ്ടായതാണ് അദ്ഭുതപ്പെടുത്തുന്നതെന്ന് മദന്‍ ബി ലോക്കൂര്‍

ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭ അംഗമാക്കാന്‍ രാഷ്ട്രപതി ശുപാര്‍ശ ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍.

രഞ്ജന്‍ ഗൊഗോയിക്ക് എന്തെങ്കിലും സ്ഥാനം കിട്ടുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. ഇത്രയും പെട്ടെന്ന് അക്കാര്യത്തില്‍ തീരുമാനം ഉണ്ടായതാണ് അദ്ഭുതപ്പെടുത്തുന്നതെന്നും സ്ഥാന ലബ്ദിയില്‍ അദ്ഭുതമില്ലെന്നും മദന്‍ ബി ലോക്കൂര്‍ പറഞ്ഞു.

”തീരുമാനം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സത്യസന്ധത എന്നിവയെ പുനര്‍നിര്‍വചിക്കുന്നു. അവസാനത്തെ അത്താണിയും വീണുവോ?”- മദന്‍ ബി ലോക്കൂര്‍ ചോദിച്ചു.

ജുഡീഷറിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് നടപടിയെന്നും നിയമനം അപലപനീയമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രപതിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്‌തെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച രാത്രിയാണ് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തുള്ള രാഷ്ട്രപതിയുടെ വിജ്ഞാനം പുറത്തുവന്നത്.

സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച് നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് നിയമനം. മറ്റ് പദവികള്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് നല്‍കാറുണ്ടെങ്കിലും രാജ്യസഭാംഗത്വം നല്‍കുന്നത് അസാധാരണമാണ്.

ചീഫ് ജസ്റ്റിസ് ആയിരിക്കെ നിരവധി സുപ്രധാന വിധി പുറപ്പെടുവിച്ച രഞ്ജന്‍ ഗൊഗോയ്, സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ പരസ്യപ്രതികരണം നടത്തിയ നാലു ജഡ്ജിമാരിലൊരാളാണ്.

ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ കേസുകളുടെ വീതംവയ്പിനെച്ചൊല്ലി പ്രതിഷേധിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍, ചീഫ് ജസ്റ്റിസായപ്പോള്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തിയത് ഏറെ വിവാദമായിരുന്നു.

വിരമിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് പുറപ്പെടുവിച്ച അയോധ്യ, ശബരിമല കേസുകളില്‍ ഉള്‍പ്പെടെയുള്ള വിധി ഏറെ ചര്‍ച്ചയായിരുന്നു. സുപ്രീംകോടതി ചീഫ്ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന വിധിയും റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം തള്ളുന്ന വിധിയും പ്രധാനമായിരുന്നു.

മുന്‍ സുപ്രീംകോടതി ജീവനക്കാരി ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് വിവാദമായി. ഗൊഗോയ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് മുന്‍ ജീവനക്കാരി കത്തയച്ചു.

അസാധാരണ സിറ്റിങ് നടത്തി അദ്ദേഹം ആരോപണം നിഷേധിച്ചു. മെയ് അഞ്ചിന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി ഗൊഗോയിക്ക് ക്ലീന്‍ചിറ്റ് നല്‍കി. പരാതിക്കാരിയെ പിരിച്ചുവിട്ടെങ്കിലും പിന്നീട് തിരിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News