മധ്യപ്രദേശില്‍ ബിജെപിയും ആശങ്കയില്‍; ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി കനല്‍നാഥുമായി കൂടിക്കാ‍ഴ്ച നടത്തി

മധ്യപ്രദേശിൽ ബിജെപിയും ആശങ്കയിൽ. ബിജെപി എംഎൽഎ നാരായൺ ത്രിപാഠി മുഖ്യമന്ത്രി കമൽനാഥുമായി കൂടിക്കാഴ്ച നടത്തി.

പാർട്ടി എംഎൽഎ മാരെ ബിജെപി റിസോർട്ടിന് പുറത്തു വിടുന്നില്ല. എന്നാൽ കോൺഗ്രസ് എംഎൽഎമാർ ഭോപ്പാലിൽ സജീവമാണ്.

അതേസമയം ഉടൻ വിശ്വാസ വോട്ടെടുപ്പ് അവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

മധ്യപ്രദേശ് രാഷ്ട്രീയ ചിത്രം ഇപ്പൊഴും അവ്യക്തം. 24 മണിക്കൂർ കൊണ്ട് സർക്കാരിനെ വീഴ്ത്തുമെന്ന് വെല്ലുവിളിച്ച ബിജെപിക്ക് തിരിച്ചടി നൽകികൊണ്ടാണ് പാർട്ടി എംഎൽഎ നാരായൺ ത്രിപാഠി മുഖ്യമന്ത്രി കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയത്.

കോൺഗ്രസ് നേതാവ് ആരിഫ് മസൂദിന് ഒപ്പം കമൽനാഥിന്റെ വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച. ഇന്നലെ ബിജെപി എംഎൽഎമാർ ഗവർണറെ കണ്ടപ്പോഴും ഇയാൾ പങ്കെടുത്തിരുന്നില്ല.

പാർട്ടി എംഎൽഎ കമൽനാഥ്‌മായി കൂടിക്കാഴ്ച നടത്തിയതോടെ മറ്റ് എംഎൽഎമാർക്ക് മേൽ ബിജെപി കൂടുതൽ നിയന്ത്രണമേർപ്പെടുത്തി.

എംഎൽഎമാരെ റിസോർട്ടിന് പുറത്തു വിടുന്നില്ല. അതേസമയം ഉടൻ വിശ്വാസ വോട്ടെടുപ്പ് അവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.

സ്പീക്കർ, മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയവർക്കാണ് നോട്ടീസ്. നോട്ടീസിന് നാളെ രാവിലെ 10. 30നകം മറുപടി നൽകണം. കേസ് നാളെ വീണ്ടും പരിഗണിക്കും. രാജി സ്വീകരിക്കാൻ നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് 16 വിമതരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഇതിനിടെ എം എൽ എ സ്ഥാനം രാജിവച്ച 22 പേരും ബിജെപിയിൽ ചേരാൻ സാധ്യതയേറി. ജ്യോതിരാദിത്യ സിന്ധ്യയാണ് നേതാവ്. സിന്ധ്യ എന്ത് പറഞ്ഞാലും അത് ചെയ്യുമെന്നും വ്യക്തമാക്കി വിമതർ വീഡിയോ പുറത്തുവിട്ടു.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണർ ലാൽജി ടണ്ഠന്റെ അന്ത്യശാസനം പാലിക്കപ്പെട്ടിട്ടില്ല. ഗവർണർ എന്ത് തുടർ നടപടികൾ സ്വീകരിക്കും എന്ന് ഇപ്പോഴും വ്യക്തമല്ല. സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ട സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് ഗവർണർ പോകില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here