കൊറോണ: മലപ്പുറത്ത് വൈറസ് ബാധിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്; രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം 800

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തിറക്കി.

രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം എണ്ണൂറുകടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഇടപെട്ടവര്‍ കണ്‍ട്രോള്‍ സെല്ലുമായി നേരിട്ട് ബന്ധപ്പെടമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

വണ്ടൂരിലും അരീക്കോട്ടും കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. രോഗ ബാധിതര്‍ സഞ്ചരിച്ച പ്രദേശമുള്‍പ്പെടുത്തി സഞ്ചാരവിവരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അരീക്കോട് സ്വദേശിനിക്കൊപ്പം യാത്ര ചെയ്തതും സമ്പര്‍ക്കം പുലര്‍ത്തിയതുമടക്കം നാലു പഞ്ചായത്തുകളിലെ 300 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

വാണിയംകുളം സ്വദേശിനിയുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ ആറു പഞ്ചായത്തുകളിലെ 522 പേരാണ് പട്ടികയിലുള്ളത്. വാണിയമ്പലം സ്വദേശിനി ആദ്യം പരിശോധനക്കെത്തിയ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യപ്രവര്‍ത്തകരും അരീക്കോട് സ്വദേശിനി നെടുമ്പാശേരി മുതല്‍കരിപ്പൂര്‍ ഹജ് ഹൗസ് വരെ യാത്രചെയ്ത ബസ്സിലെ 40 സഹയാത്രികരും നിരീക്ഷണത്തിലാണ്. രോഗബാധിതര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരം.

മാര്‍ച്ച് ഒന്നുമുതല്‍ ഉംറ കഴിഞ്ഞെത്തിയവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ രജിസ്ട്രര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ യാത്രാവിവരങ്ങള്‍ നല്‍കണം.

ഇതിനിടെ വിലക്ക് ലംഘിച്ച് പുതുപൊന്നായി തര്‍ബ്ബിയത്തുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് സ്വലാത്ത് മജ്ലിസ് സംഘടിപ്പിച്ചതിന് ഭാരവാഹികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News