കൊറോണ: സംസ്ഥാനം അതീവജാഗ്രതയില്‍; 13,000 പേര്‍ നിരീക്ഷണത്തില്‍; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണവും പ്രതിരോധപ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനം അതീവജാഗ്രതയില്‍. പതിമൂവായിരത്തോളം പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ചികിത്സയിലുള്ള 24 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് 19നെതിരെ ജാഗ്രതയോടൊപ്പം നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

നിലവില്‍ രോഗബാധയില്‍ ചികിത്സയിലുള്ള 24പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് തയ്യാറാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്.

നിലവില്‍ ആശുപത്രിയിലെ 43 ഡോക്ടര്‍മാരടക്കം 76 പേരാണ് നിരീക്ഷണത്തിലുള്ളത്. ഡോക്ടര്‍ ഡ്യൂട്ടിക്കെത്തിയ ദിവസം ആശുപത്രിയിലെത്തിയ രോഗികളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം ശ്രീചിത്രാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ഇന്നും ബാധിച്ചു.

അതിനിടെ ശ്രീചിത്രയില്‍ കഴിഞ്ഞമാസം ഒരു ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി.മുരളീധരന്‍ സ്വന്തം നിലയില്‍ വീട്ടില്‍ നിരീക്ഷണത്തിലായി.

ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കേന്ദ്രമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്ത ബിജെപി നേതാവ് വി.വി രാജേഷും വീട്ടില്‍ നിരീക്ഷണത്തിലായി.

അതേസമയം, സംസ്ഥാനത്തെ പരിശോധനാ നടപടികള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, റോഡ് എന്നിവിടങ്ങളിലെ പരിശോധനയോട് ജനങ്ങള്‍ക്ക് അനുകൂല പ്രതികരണമായിരുന്നു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കൃത്യമായി ആരോഗ്യവകുപ്പിന്റെ മാര്‍ഗരേഖ പാലിക്കുന്നുണ്ടെന്നത് സന്നദ്ധ പ്രവര്‍ത്തകരും വീടുകളില്‍ എത്തി ഉറപ്പാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News