ആശ്വാസകരം; സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി; ജാഗ്രത തുടരണം; വിദേശസഞ്ചാരികളോട് അപമര്യാദയായി പെരുമാറരുത്, കര്‍ശനനടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സ്ഥിതി ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രത കുറവുണ്ടാകാന്‍ പാടില്ല. എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 18011 പേര്‍ നിരീക്ഷണത്തിലാണ്. 17745 പേര്‍ വീട്ടിലും 268 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് 65 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 4353 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യസര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ രോഗ പ്രതിരോധ സന്ദേശം വീടുകളില്‍ എത്തിക്കും. ഐഎംഎയുടെ സഹകരണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗപ്രതിരോധത്തിന് വേണ്ടി ആരും നിയമം കൈയിലെടുക്കരുത്. രോഗം വരുന്നത് കുറ്റമായി ആരും കാണരുത്. സംസ്ഥാനത്ത് എത്തിയ വിദേശസഞ്ചാരികള്‍ക്ക് ചില നാട്ടുകാരില്‍ നിന്ന് ദുരനുഭവങ്ങളുണ്ടായി. ഇത് നാണംകെട്ട പണിയാണെന്ന് ഓര്‍മയുണ്ടാകണം. വിദേശ സഞ്ചാരികള്‍ക്ക് ഉണ്ടാകുന്ന ദുരവസ്ഥകള്‍ നാടിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് എവിടെയും വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്നും ഇത് സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News