കൊച്ചി മേയര്‍ക്കും മുന്‍ മേയര്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്‍,മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.തീരദേശ പരിപാലന ചട്ടം ലംഘിച്ച് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതിനാണ് ഇരുവര്‍ക്കുമെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം വിജിലന്‍സ് എസ്പിയോട് അന്വേഷിച്ച് മെയ് 18നകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.

കൊച്ചി സ്വദേശി ചെഷയര്‍ ടാര്‍സന്റെ ഹര്‍ജിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.കഴിഞ്ഞ 10 വര്‍ഷമായി യു ഡി എഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്റെ മേയര്‍മാരായി ചുമതലയിലിരുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊച്ചി കോര്‍പ്പറേഷന്‍ 57ാം ഡിവിഷനില്‍ പേള്‍വ്യൂ ഗാര്‍ഡന്‍ എന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മേയറും മുന്‍മേയറും ഉദ്യോഗസ്ഥരും ഉള്‍പ്പടെ ചേര്‍ന്ന് സാമ്പത്തിക അഴിമതി നടത്തിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

തീരദേശ പരിപാലന ചട്ടങ്ങളുടെ ലംഘനമാണെന്ന് ബോധ്യപ്പെട്ടിട്ടും കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയും പിന്നീട് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തുവെന്നാണ് മേയര്‍ സൗമിനി ജെയിനും മുന്‍മേയര്‍ ടോണി ചമ്മിണിക്കുമെതിരായ പ്രധാന ആരോപണം.

കെട്ടിടം നിര്‍മ്മിച്ചത് പുറമ്പോക്ക് തോട് കയ്യേറിയാണെന്ന് ജില്ലാ സര്‍വ്വേയറുടെ പരിശോധനയില്‍ തെളിഞ്ഞതാണ്.കൂടാതെ ഹൈക്കോടതിയിലും ഓംബുഡസ്മാനിലും ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ നിലനില്‍ക്കെ ഇതെല്ലാം ലംഘിച്ചാണ് മേയര്‍മാരും ഉദ്യോഗസ്ഥരും വഴിവിട്ട് ഇടപെട്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News