മാഹിയിലെ കൊറോണ: സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി; ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടി

മാഹിയില്‍ കൊറോണ ബാധിച്ച സ്ത്രീയുടെ റൂട്ട് മാപ്പ് തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ 37 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

വിമാനത്തില്‍ കൂടെ സഞ്ചരിച്ച കോഴിക്കോട് ജില്ലയിലെ 34 പേര്‍ ഉള്‍പ്പടെയാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ ചായ കുടിക്കാന്‍ കയറിയ വടകരയിലെ കോഫി ഹൗസ് താല്‍ക്കാലികമായി അടച്ചു.

മാര്‍ച്ച് 13നാണ് മാഹി സ്വദേശി അടങ്ങുന്ന സംഘം ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ഇത്തിഹാദ് എയര്‍വേയ്‌സില്‍ കരിപ്പൂരില്‍ എത്തിയത്. യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 34 സഹയാത്രികരെ വിടുകളില്‍ നിരീക്ഷണത്തിലാക്കി.

എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രക്ക് ഉപയോഗിച്ച ടാക്‌സിയുടെ ഡ്രൈവര്‍, ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ച ഓട്ടോ ഡ്രൈവര്‍ എന്നിവരും നിരീക്ഷണത്തിലാണ്. യാത്രക്കിടെ ഇവര്‍ ഭക്ഷണം കഴിച്ച വടകര ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരും വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്നു.

കോഫീ ഹൗസ് താല്‍ക്കാലികമായി അടച്ചു. സ്ത്രീയെ എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തിയ രണ്ട് പേരെ നേരത്തെ തന്നെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ യാത്ര ചെയ്ത മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ ഇവരെ കൂടാതെ ഒരു ഇതര സംസ്ഥാന യാത്രക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെ കണ്ടെത്തിയിട്ടില്ല.

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഡ്മിറ്റ് കാര്‍ഡ് എടുത്ത രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കാതെ പുറത്ത്‌പോയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, രോഗത്തിന്റെ അടുത്ത ഘട്ടം പ്രയാസമേറിയതാകുമെന്ന് ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി. സമൂഹ വ്യാപനം ഉണ്ടായാല്‍ കോവിഡ് തടയാനാകില്ല. അത്യാവശ്യ ഘട്ടമില്ലെങ്കില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. സമൂഹ വ്യാപനം തടയാന്‍ കേരളം വിചാരിച്ചാല്‍ സാധിക്കുമെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here