കാെറോണ: കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ

ദില്ലി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ കാലത്ത് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ കോടതി അഭിനന്ദിച്ചത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ തകരാറിലായിട്ടില്ലെന്ന് കൂടി ഉറപ്പ് വരുത്തിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൊറോണകാലത്തെ നേരിടുന്നത്. ഇതിനെ സുപ്രീംകോടതിയും അംഗീകരിക്കുകയാണ്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അങ്കണവാടികള്‍ അടച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍
ഉച്ച ഭക്ഷണം വീട്ടില്‍ എത്തിക്കാന്‍ തീരുമാനിക്കുകയും ഇത് വിതരണം ചെയ്ത് വരികയുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെ ആണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷന്‍ ആയ ബെഞ്ച് അഭിന്ദനിച്ചത്.

കേരളത്തില്‍ ഉച്ച ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണ് എന്ന് ഞങ്ങള്‍ക്ക് അറിയണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ രാജ്യത്ത് നിരവധി അംഗന്വാടികളും സ്‌കൂളുകളും പൂട്ടിയിരിക്കുകയാണ്. ഇത് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണ പ്രശ്‌നം സൃഷ്ടിക്കുന്ന വിവരം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം ഇന്ന് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

നേരത്തെ കൊറോണ നേരിടാന്‍ ജയിലുകളില്‍ നടത്തിയ ക്രമീകരണങ്ങളുടെ പേരില്‍ സര്‍ക്കാരിനെ കോടതി അഭിനന്ദിച്ചിരുന്നു.

കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ലഭിക്കാത്ത വിഷയത്തില്‍ സ്വമേധയാ കേസ് എടുത്ത സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസും അയച്ചു. ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News