പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാര്‍ യുഎഇ വിമാനത്താവളങ്ങളില്‍ കുടുങ്ങി

നേരത്തേ അനുവദിച്ച സന്ദര്‍ശക വിസകള്‍ക്കും പ്രവേശന വിലക്ക് വന്നതോടെ ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാര്‍ യുഎഇ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ചൊവ്വാഴ്ച രാത്രി കൊച്ചിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ അബൂദബി യില്‍ എത്തിയ നിരവധി പേരെ തിരിച്ചയച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇ വിസ നിയന്ത്രണം കര്‍ശനമാക്കിയിരിക്കയാണ്. പുതിയ വിസകള്‍ ഇഷ്യൂ ചെയ്യുന്നത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിയിരുന്നു. സാധുവായ വിസിറ്റ് വിസ ഉള്ളവര്‍ക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ചൊവ്വാഴ്ച വൈകീട്ട് മുതല്‍ അത്തരം വിസകളും അസാധുവാണെന്നായിരുന്നു എമിഗ്രേഷന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയത്.

വിലക്ക് പ്രഖ്യാപിക്കുന്നതിനു മുന്‍പ് നല്‍കിയ സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ക്കും വിലക്ക് ബാധകമാക്കിയതോടെ യുഎഇയിലേക്ക് യാത്ര അസാധ്യമായിരിക്കയാണ്. കാലാവധിയുള്ള താമസ വിസയുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ യുഎഇയിലേക്ക് പ്രവേശനം.

അനിശ്ചിതകാലത്തേക്കാണ് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നിര്‍ത്തിവെച്ചത്. സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും വിലക്ക് ബാധക്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉള്ളവരെയും ഓണ്‍അറൈവല്‍ വിസക്ക് യോഗ്യതയുള്ളവരെയും നടപടിയില്‍ നിന്നും ഒഴിവാക്കി.

സന്ദര്‍ശക വിസയിലുള്ളവരെ യുഎഇയിലേക്ക് എത്തിക്കരുതെന്ന് എയര്‍ലൈനുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ നല്‍കിയ എല്ലാ സന്ദര്‍ശക വിസകളും ഇതിനകം നിര്‍ത്തിവെച്ചു.

ആറ് മാസത്തിന് മുകളില്‍ യുഎഇക്ക് പുറത്ത് തങ്ങിയവരെയും, യുഎഇ വിസയുള്ള പാസ്‌പോര്‍ട്ട് നഷ്ടപ്പെടുത്തിയ യാത്രക്കാരെയും രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News