അസെന്‍ഡ് കേരള 2020: തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തിന്റെ (അസെന്‍ഡ് കേരള 2020) തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു.

ഒരു ലക്ഷം കോടി രൂപയുടെ വ്യവസായ നിക്ഷേപ വാഗ്ദാനങ്ങളാണ് അസെന്‍ഡില്‍ വന്നത്. ഇതനുസരിച്ച് 158 ധാരണാപത്രങ്ങള്‍ ( താല്‍പര്യപത്രം ഉള്‍പ്പെടെ) സംരംഭകരുമായി ഒപ്പിട്ടു. ഈ ധാരണാപത്രങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ വ്യവസായ വകുപ്പ് എടുക്കുകയാണ്. ഇതിന്റെ ഭാഗമായി പത്തു കോടിയില്‍ താഴെ മുതല്‍ മുടക്കുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

ധാരണാപത്രം ഒപ്പിട്ട നിക്ഷേപകരെ സഹായിക്കുന്നതിന് 28 നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ഇതിന്റെ തുടര്‍ച്ചയായി കെ.എസ്.ഐ.ഡി.സി.യില്‍ ഇന്‍വെസ്റ്റര്‍ ഫെസിലിറ്റേഷന്‍ സെല്‍ അടുത്തമാസം ആരംഭിക്കും.

അസെന്‍ഡില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികളും മുന്നോട്ടുപോകുന്നു. വ്യവസായങ്ങള്‍ക്ക് 15 ഏക്കറില്‍ കൂടുതല്‍ ഭൂമി വാങ്ങുന്നതിന് 1963-ലെ കേരള ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യും. നിലവിലെ നിയമപ്രകാരം പരമാവധി 15 ഏക്കര്‍ ഭൂമിയേ കൈവശം വയ്ക്കാന്‍ പാടുള്ളൂ.

പത്തു മീറ്ററില്‍ താഴെ വീതിയുള്ള റോഡുകള്‍ക്കടുത്ത് കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം 18,000 ചതുരശ്ര മീറ്ററില്‍ കുറഞ്ഞ കെട്ടിടമേ നിര്‍മ്മിക്കാന്‍ കഴിയൂ. ഈ പരിധി എട്ടു മീറ്ററാക്കുന്നതിന് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. രാത്രിയിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യുന്നതിന് കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഫാക്ടറീസ് ആക്ടിലും ഭേദഗതി വരുത്തും.

വ്യവസായത്തിനു വേണ്ടി ഭൂമി ഒരുക്കുന്നതിനുള്ള അനുമതി ഏകജാലകം (കെ-സ്വിഫ്റ്റ്) വഴി നല്‍കാനുള്ള നടപടി സ്വീകരിക്കും. കെ.എസ്.ഐ.ഡി.സിയുടെ വായ്പാ പരിധി 35 കോടി രൂപയില്‍ നിന്നും 100 കോടി രൂപയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനവും ഉടനെ നടപ്പാക്കും.

യോഗത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.സി. മൊയ്തീന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here