സിബിഎസ്ഇ പരീക്ഷയില്‍ ബിജെപിയെക്കുറിച്ച് ചോദ്യം; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിച്ചതിന്റെ ഉദാഹരണം: ഡിവൈഎഫ്ഐ

ദില്ലി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയത് വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിച്ചതിന്റെ ഉദാഹരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ ‘ബിജെപിയുടെ അഞ്ച് സവിശേഷതകള്‍’ എഴുതാന്‍ നിര്‍ബന്ധമായും എഴുതേണ്ട അഞ്ച് മാര്‍ക്കിന്റെ ചോദ്യമായാണ് ഉള്‍പ്പെടുത്തിയത്.

ലോകത്തെല്ലാ ഏകാധിപധികളും ചരിത്രം തിരുത്തിയെഴുതിയിട്ടുണ്ട്. മോഡിയും ആര്‍എസ്എസും ശ്രമിക്കുന്നതും ചരിത്രത്തെ കാവിവല്‍ക്കരിക്കാനും, രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുമാണ്. ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.

ഭരണഘടനയെയും രാജ്യത്തിന്റെ മത നിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കാന്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ രാജ്യമാകെ തയ്യാറാകണം. ചരിത്രത്തില്‍ നല്ലതൊന്നും അവകാശപ്പെടാനില്ലാത്തവര്‍ അധികാരമുപയോഗിച്ചു സ്വയം പുതിയ ചരിത്രം നിര്‍മ്മിക്കാന്‍ ഏറെക്കാലമായി ശ്രമിക്കുകയാണ്.

ആര്‍എസ്എസിന്റെ ഏജന്‍സിയായി സിബിഎസ്ഇ അധഃപതിച്ചിരിക്കുന്നു. സിബിഎസ്ഇ നടപടിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here