കോട്ടകെട്ടിച്ചെറുത്ത് കേരളം; രണ്ടാം ദിനവും രോഗമില്ല; ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിച്ചു; ജില്ലകളില്‍ കൊവിഡ് സെന്ററുകള്‍

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ കോവിഡ്‌–-19 രോഗബാധയില്ല. രോഗവ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള അതീവജാഗ്രത തുടരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭാവിയിലേക്കുള്ള തയ്യാറെടുപ്പ്‌ ശക്തിപ്പെടുത്തും. അതിനായി എല്ലാ പ്രാഥമികാരോഗ്യകേന്ദ്രത്തിലും വൈകിട്ടുവരെ ഡോക്ടറുടെയും മറ്റും സേവനം ഉറപ്പാക്കും.

തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിന്‌ ജനപ്രതിനിധികളുമായി വ്യാഴാഴ്‌ച പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ വിക്ടർ ചാനൽ വഴി സംസാരിക്കും. എല്ലാ ജില്ലയിലും കോവിഡ്‌ കെയർ സെന്ററുകൾ ആരംഭിക്കും.

ഹെൽത്ത്‌ വളന്റിയർ സേവനം ഉറപ്പാക്കാൻ വിരമിച്ചവരുടെ പട്ടിക തയ്യാറാക്കും. വിദഗ്‌ധസമിതിയുടെ പട്ടിക തയ്യാറായതായും വ്യാഴാഴ്‌ച അന്തിമരൂപമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ 25,603 പേർ നിരീക്ഷണത്തിലാണ്‌. ഇതിൽ 25,366 പേർ വീടുകളിലും 237 പേർ ആശുപത്രിയിലും. ബുധനാഴ്‌ച പുതുതായി 57 പേർ ആശുപത്രിയിലായി.

7861 പേരാണ്‌ പുതുതായി നിരീക്ഷണത്തിലായത്‌. 4622 പേർക്ക്‌ രോഗബാധയില്ലെന്ന്‌ ഉറപ്പാക്കി. 2550 സാമ്പിൾ പരിശോധിച്ചു. സുപ്രീംകോടതിയും ഹൈക്കോടതിയും സംസ്ഥാനത്തെ സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങളെ പ്രകീർത്തിച്ചത്‌ ഊർജംപകരും.

കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മാത്രമാണ്‌ വൈകിട്ടുവരെ ഡോക്ടർമാരുള്ളത്‌. കൂടുതൽ ഡോക്ടർമാരെയും നേഴ്‌സ്‌, പാരാമെഡിക്കൽ സ്‌റ്റാഫ്‌ എന്നിവരെയും നിയോഗിച്ച്‌ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പ്രവർത്തിപ്പിക്കും. കോവിഡ്‌ കെയർ സെന്ററുകൾക്കായി ഹോട്ടലുകൾ, ലോഡ്‌ജുകൾ എന്നിവ ഉപയോഗിക്കും.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള കെട്ടിടങ്ങളും ആവശ്യം വരുമ്പോൾ ഉപയോഗിക്കും. ചില സ്വകാര്യ ആശുപത്രികളിൽ ചെറിയ രോഗത്തിന്‌ എത്തുന്നവരെപ്പോലും സർക്കാർ ആശുപത്രികളിലേക്ക്‌ അയക്കുന്നതായി വിവരമുണ്ട്‌. ഇത്‌ ശരിയായ രീതിയല്ല.

കോളേജ്‌, എസ്‌എസ്‌എൽസി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകളിൽ ആവശ്യമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തും.

മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News