ഇഎംഎസ്: ചരിത്രമടയാളപ്പെടുത്തിയ വ്യക്തി; ദീര്‍ഘവീക്ഷണത്തിന്റെ മറുപേര്‌

കമ്മ്യൂണിസ്റ്റ് ഇതിഹാസം ഇഎംഎസ് ഓര്‍മ്മയായിട്ട് ഇന്ന് 22 വര്‍ഷങ്ങള്‍ തികയുന്നു.
മലയാളിയുടെ ധൈക്ഷ്ണിക ലോകത്തെ ഇത്രമേല്‍ സ്വാധീനിച്ച ഒരു ദാര്‍ശിനികനും ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നിട്ടില്ല.

കാലം ചെല്ലും തോറും ഇഎംഎസിന്‍റെ ഓര്‍മ്മകള്‍ക്ക് കനമേറി വരികയാണ്. ജീവിച്ചിരിക്കുമ്പോള്‍ ഒരു വ്യക്തി ഇതിഹാസമാകുന്നത് ചരിത്രത്തിലെ അത്യപൂര്‍വ്വതയാണ്. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ ആ ഭാഗ്യം ലഭിച്ചവരിലൊരാള്‍ ഇഎംഎസാണ്.

22 സംവല്‍സരങ്ങള്‍ കടന്ന് പോകുന്നു. ഇഎംഎസ് ഇല്ലാത്ത ശൂന്യതയിലാണ് ഇഎംഎസ് ഇന്നും നിറഞ്ഞ് നിള്‍ക്കുന്നത്. മലയാളിയുടെ സാസ്കാരികവും സൈദ്ധാന്തികവും രാഷ്ടീയവുമായ എല്ലാ സംശയങ്ങളുടേയും ഒറ്റമൂലിയായിരുന്നു അയാള്‍.

ഏലംകുളം മനയെന്ന ആഢ്യ ബ്രാമണ്യ ഇല്ലത്ത് വായില്‍ വെ‍ളളി കരണ്ടിയുമായി ജനിച്ച് വീണിട്ടും ഇഎംഎസ് കമ്മ്യൂണിസ്റ്റായി. കാലം അയാളെ അതാക്കുകയായിരുന്നു എന്നതാവും കുറച്ച് കൂടി ശരി. ഏലംകുളം മനയുടെ അടച്ചുറപ്പുളള സുരക്ഷതത്വത്തില്‍ നിന്ന് നാളെ ക‍ഴുത്തിന് മുകളില്‍ തലയുണ്ടോ എന്ന് പോലും അറിയാന്‍ ക‍ഴിയാത്ത ജീവിത വ്യവസ്ഥയുടെ കൈയ്യും പിടിച്ചാണ് ഇഎംഎസ് ഇറങ്ങിത്തിരച്ചത്.

സപ്രമഞ്ച കട്ടിലില്‍ നിന്നും ചെത്ത്ക്കാരനായ പൊക്കന്‍റെ കുടിലിലെ കീറിയ ത‍ഴപായുടെ തുമ്പത്തേക്കുളള ത്യാഗത്തിന്‍റെ യാത്രപഥം. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്കും, കോണ്‍ഗ്രസില്‍ നിന്ന് സോഷ്യലിസ്റ്റ് ഗ്രൂപ്പിലേക്കും അവിടെ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിലേക്കുമുളള ഇഎംഎസിന്‍റെ ഭാവപരിണാമങ്ങളില്‍ അന്തര്‍ലീനമായത് ഒന്ന് മാത്രം. മനുഷ്യ വിമോചനം.

89 വര്‍ഷം നീണ്ട എ‍ഴുത്തിന്‍റെയും സംവാദത്തിന്‍റെയും വിപ്ലവത്തിന്‍റെയും ഭരണനൈപുണ്യത്തിന്‍റെയും വ്യത്യസ്ഥ വീഥികളിലെല്ലാം അയാള്‍ വാദിച്ചതും നിലയുറപ്പിച്ചതും ചൂഷണരഹിതമായ സാമൂഹ്യ വ്യവസ്ഥിതിക്ക് വേണ്ടി മാത്രമാണ്.

സംസാരിക്കുമ്പോള്‍ മാത്രം വിക്കുളള ഈ ചെറിയ മനുഷ്യന് ചുറ്റും കറങ്ങി തീര്‍ക്കുകയാരുന്നു മലയാളിയുടെ ഇരുപതാം നൂറ്റാണ്ട് മലയാളിയുടെ തര്‍ക്ക വിതര്‍ക്കങ്ങളിലെ അവസാന വാക്കായിരുന്നു ഇഎംഎസ്.

ഇഎംഎസിനോട് ഏറ്റുമുട്ടിയതാണ് ചിലരുടെ അധിക യോഗത്യയെന്ന് പോലും വിലയിരുത്തുന്ന കാലത്തിലൂടെ നാം കടന്ന് പോകുന്നത്.

അത്രമേല്‍ ഇന്നും പ്രസക്തനാണ് ഇഎംഎസ് എന്ന് അസാനിധ്യത്തിലും അയാള്‍ ഓര്‍പ്പെടുത്തുന്നു. തലച്ചോറില്‍ കനലുമായി ജീവിച്ച് തീര്‍ത്ത ഇഎംഎസ് എന്ന ത്രയാക്ഷരിക്ക് കാലം ചൊല്ലുംത്തോറും ചുവപ്പ് കൂടിവരിയാണ് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News