
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖല തുടർച്ചയായ രണ്ടാംവർഷവും രാജ്യത്ത് ഒന്നാം ഗ്രേഡ് നിലനിർത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 2019–20ലെ റാങ്കിങ്ങിൽ 862 സ്കോർ നേടിയാണ് കേരളം ഒന്നാം ഗ്രേഡ് പട്ടികയിൽ സ്ഥാനം നിലനിർത്തിയത്. 2018–19ലെ റാങ്കിങ്ങിൽ 826 സ്കോർ നേടിയാണ് ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 36 സ്‌കോർ അധികംനേടി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷയുടെ പ്രവർത്തനങ്ങൾ റാങ്ക് ചെയ്യുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടത്തുന്ന പ്രകടന ഗ്രേഡിങ് സൂചികയിൽ എല്ലാ മേഖലയിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സ്‌കോർ കേരളം നേടി.
പഠനനേട്ടങ്ങളും ഗുണനിലവാരവും–85.56 ശതമാനം, വിദ്യാലയപ്രവേശനം–98.75 ശതമാനം, അടിസ്ഥാനസൗകര്യം–82.00 ശതമാനം, തുല്യത–- 91.30 ശതമാനം, ഭരണപരമായ പ്രവർത്തനങ്ങൾ–82.22 ശതമാനം എന്നീ മേഖലയിലെല്ലാം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് കേരളം.
800 മുതൽ 900 വരെ സ്‌കോർ നേടുന്ന സംസ്ഥാനങ്ങൾക്കാണ് ഒന്നാം ഗ്രേഡ് ലഭിക്കുക. ഗുജറാത്ത്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളും ഒന്നാം സ്ഥാനപ്പട്ടികയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here