
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പഞ്ചാബില്‍ രോഗി മരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൈറസ് മൂലമുള്ള രാജ്യത്തെ നാലാമത്തെ മരണമാണിത്.
കുടകില്‍ കൊറോണ സ്ഥിരീകരിച്ചു
കര്‍ണാടകയിലെ കുടക് ജില്ലയിലും ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍നിന്നും എത്തിയ കുടക് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു. ഇതോടെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഡോര്‍മെറ്ററികള്‍, ഹോം സ്‌റ്റേ, റിസോര്‍ട്ടുകള്‍ എന്നിവ അടച്ചിടും.
കുടകില്‍ രോഗം സ്ഥിരീകരിച്ചതോടെ വയനാട്, കണ്ണൂര്‍ ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇതോടെ കര്‍ണാടകയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു.
അതേസമയം, വൈറസ് സ്ഥിരീകരിച്ച കുടക് സ്വദേശി യാത്ര ചെയ്ത വിമാനത്തിലുണ്ടായിരുന്നവരോടും ബസിലുണ്ടായിരുന്നവരോടും ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുടക് ജില്ല ഭരണകൂടം അറിയിച്ചു.
മാര്‍ച്ച് 15ന് വൈകിട്ട് 4.15ന് ബംഗളൂരു കെംപെഗൗഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെത്തിയ ദുബായില്‍നിന്നുള്ള 6E96 നമ്പര്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തവരും രാത്രി 11.33ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നും പുറപ്പെട്ട വീരാജ്‌പേട്ട്, മുര്‍നാട് വഴിയുള്ള മടിക്കേരിയിലേക്കുള്ള രാജഹംസ ബസിലും (KA19F3170) യാത്ര ചെയ്തവരുമാണ് എത്രയും പെട്ടെന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്തുന്നു
ദില്ലി: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി പൊതുഗതാഗത സംവിധാനം നിര്‍ത്താനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ബസ്, ഓട്ടോറിക്ഷ, ടെമ്പോ എന്നിവയുടെ സര്‍വീസുകള്‍ നിരോധിക്കാനാണ്. തീരുമാനം ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍ വരും.
20 പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. സ്‌കൂളുകളിലെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
തിരുപ്പതി ക്ഷേത്രം അടച്ചിട്ടു
ഹൈദരബാദ്: കൊറോണയുടെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം അടച്ചിട്ടു. ആന്ധ്രാപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യും
ദില്ലി: വൈറസ് വ്യാപനം തടയുന്നതിന് അമ്പതുശതമാനത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍.
പൊതുഗതാഗതം ഉപയോഗിക്കുന്നവരും ജനങ്ങളോട് കൂടുതല്‍ ഇടപെടേണ്ടി വരുന്നതുമായ ജീവനക്കാരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ അമ്പതു ശതമാനം പേര്‍ മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി. ബാക്കിയുള്ള അമ്പതു ശതമാനം പേരും നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് പേഴ്സണല്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്.
ജനശതാബ്ദിയും മലബാറും റദ്ദാക്കി
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ജനശതാബ്ദി ഉള്‍പ്പെടെ പത്തോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകളില്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
കൊല്ലം ചെങ്കോട്ട പാതയിലെ പാസഞ്ചര്‍ ഉള്‍പ്പെടെ ചില ട്രെയിനുകളാണ് ഇന്നു മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന്‍ റദ്ദാക്കിയത്. തിരുവനന്തപുരം മംഗളൂരു മലബാര്‍, എറണാകുളം ലോകമാന്യതിലക് തുരന്തോ ട്രെയിനുകള്‍ ഏപ്രില്‍ 1 വരെയും ഓടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here