രഞ്ജന്‍ ഗൊഗോയെ എംപിയാക്കിയതിനെതിരായ വാര്‍ത്ത നല്‍കി; ടെലഗ്രാഫ് ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാജ്യസഭ എംപിയാക്കിയതിനെതിരായ വാര്‍ത്തയില്‍ ടെലഗ്രാഫ് ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മാരകമായ കോറോണ വൈറസ് അല്ല കോവിന്ദാണ് അത് ചെയ്തതെന്ന് അര്‍ത്ഥത്തില്‍ ഉപയോഗിച്ച തലക്കെട്ടിനെതിരായാണ് കാരണം കാണിക്കല്‍ നോട്ടീസ്.

പതിനേഴാം തിയതി പുറത്തിറങ്ങിയ ടെലഗ്രാഫ് ദിനപത്രത്തിന്റെ ഹൈഡ്‌ലൈനാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയെ രാജ്യസഭയിലേയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത് ആക്ഷേപ ഹാസ്യരൂപത്തില്‍ പത്രം അവതരിപ്പിച്ചു.

മാരകമായ കോറോണ വൈറസ് അല്ല, രഞ്ജന്‍ ഗൊഗോയെ നാമനിര്‍ദേശം ചെയ്ത രാഷ്ട്രപതി കോവിന്ദാണ് തെറ്റുകാരന്‍ എന്ന അര്‍ത്ഥത്തില്‍ കോറോണയല്ല, കോവിന്ദാണ് അത് ചെയ്തത് എന്നായിരുന്നു ഹെഡ്‌ലൈന്‍. വലിയ ശ്രദ്ധ പിടിച്ച് പറ്റിയ ഈ ഹെഡ്‌ലൈന്‍ മാധ്യമ മര്യാദ ലംഘിച്ചുവെന്നാരോപിച്ചാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രഥമ പൗരന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആക്ഷേപഹാസ്യമായി ഉപയോഗിച്ചത് ഉത്കണ്ഠ ഉണ്ടാക്കുന്നുവെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വമേധയാണ് പരാതി എടുത്തിരിക്കുന്നത്. നോട്ടീസ് കൃത്യമായ മറുപടി നല്‍കുമെന്ന് ടെലഗ്രാഫ് കേന്ദ്രങ്ങള്‍ അറിയിച്ചു.

കോല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമാണ് ടെലഗ്രാഫ്.ആനന്ദ ബസാര്‍ പത്രിക ഗ്രൂപ്പാണ് ടെലഗ്രാഫ് ഉടമകള്‍.പ്രസ് കൗണ്‍സിലിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here