സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 31,173 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ 28 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 25 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

166 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31,173 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 30,936 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 64 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6103 പേരെ ഇന്ന് നിരീക്ഷണത്തിലാക്കി. 5155 പേരെയാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 2921 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2342 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 133 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 11,832 ടെലഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇതുവരെ ലഭ്യമാക്കി.

പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പങ്കെടുത്തു.

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്

കൊറോണ വൈറസ് ബാധ സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടി സൃഷ്ടിച്ചെന്നും സാമ്പത്തിക മേഖലയും ജനജീവിതവും തിരിച്ചു പിടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കും. ഇതിനായി 100 കോടി നീക്കിവച്ചു. 1000 ഭക്ഷണശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. ഊണിന് 25 എന്നത് 20 രൂപയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കും. എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തോടെ കൊടുത്തു തീര്‍ക്കും.
കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പാ സഹായം നല്‍കും.

കോവിഡിന്റെ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല. എല്ലാ മുന്‍കരുതലും സ്വീകരിക്കുന്നു.
സേനാ-അര്‍ദ്ധ സൈനിക വിഭാഗം എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കി. ആര്‍മിയുടെ ബാരക്കുകള്‍ താല്‍കാലിക കൊറോണ കെയര്‍ സെന്ററാക്കാമെന്ന് അവര്‍ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ മാറ്റാന്‍ ഹെലികോപ്റ്റര്‍ വിട്ടു നല്‍കും.

വൈറസ് പരിശോധനാ സംവിധാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ കോണില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരീക്ഷകള്‍ നിര്‍ത്തിവയ്ക്കില്ല. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News