കോവിഡ്-19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂര്‍ണ പിന്തുണയും സഹായവും നല്‍കും.
സ്ഥിതിഗതികള്‍ മോശമാവുകയാണെങ്കില്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാവിഭാഗങ്ങളുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചര്‍ച്ച നടത്തി.
രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു.
ഈ സാഹചര്യം മുന്നില്‍ കണ്ട് വിപുലവും ഫലപ്രദവുമായ തയ്യാറെടുപ്പ് സര്‍ക്കാര്‍ നടത്തുകയാണ്. ദുരന്തം ഒഴിവാക്കുന്നതിന് നടത്തുന്ന തയ്യാറെടുപ്പില്‍ സേനാവിഭാഗങ്ങളുടെ പൂര്‍ണ സഹായം വേണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ സി. കാര്‍ത്തിക് ശേഷാദ്രി, നാവികസേനയുടെ കൊച്ചി സ്റ്റേഷന്‍ കമാണ്ടര്‍ എന്‍. അനില്‍ ജോസഫ്, കോസ്റ്റ്ഗാര്‍ഡ് ഡി.ഐ.ജി. എസ്. ജെന, ബി.എസ്.എഫ് ഡി.ഐ.ജി ബേബി ജോസഫ്, സിആര്‍പിഎഫ് ഡി.ഐ.ജി ഡോ.എച്ച്.സി. ലിംഗരാജ്, എയര്‍ഫോഴ്സ് കമാണ്ടര്‍ വി.വി. ജോഷി, ഐടിബിപി ഡെപ്യൂട്ടി കമാണ്ടന്‍റ് പി.ഡി. റജി, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സേനകളുടെ ആശുപത്രികളിലെ സൗകര്യം അടിയന്തര സാഹചര്യത്തില്‍ കൊറോണ കെയറിന് വേണ്ടി ഉപയോഗിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കി. ആര്‍മി ബാരക്കുകള്‍ താല്‍ക്കാലിക കൊറോണ കെയര്‍ സെന്‍ററാക്കി മാറ്റാം. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും ടെക്നിക്കല്‍ സ്റ്റാഫിന്‍റെയും സേവനം വിട്ടുനല്‍കും. ആംബുലന്‍സുകളുമുണ്ടാകും.
അടിയന്തര സാഹചര്യത്തില്‍ രോഗികളെ മാറ്റുന്നതിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കും. മരുന്ന്, ഭക്ഷണം, ചികിത്സാസാധനങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കും. സേനകളുടെ നിയന്ത്രണത്തിലുള്ള മറ്റു വാഹനങ്ങളും വിട്ടുനല്‍കും. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും.
സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയോട് ക്രിയാത്മകമായി പ്രതികരിച്ച സേനാവിഭാഗങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.