കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവുമായി എറണാകുളം കാക്കനാട് സബ് ജയിലിലെ അന്തേവാസികളും. പ്രതിരോധത്തിനുളള മാസ്ക്കുകള്‍ നിര്‍മ്മിച്ച് ആരോഗ്യവകുപ്പിനും ആവശ്യക്കാര്‍ക്കും എത്തിച്ചു നല്‍കുകയാണ് ജില്ലാ ജയില്‍. മാസ്ക്കുകളുടെ ക്ഷാമം പരിഹരിക്കാന്‍ പത്തോളം അന്തേവാസികളും ജയില്‍ജീവനക്കാരുമാണ് അഹോരാത്രം കഠിനശ്രമം നടത്തുന്നത്.
മാസ്ക്കുകള്‍ പൂഴ്ത്തിവയ്ക്കുകയും അമിത വില ഈടാക്കുകയും ചെയ്ത സ്വകാര്യ മെഡിക്കല്‍ഷോപ്പുടമകള്‍, തടവറയ്ക്കുളളിലെ ഈ സാമൂഹ്യ പ്രതിബദ്ധത കാണുക. കോവിഡിനെ പ്രതിരോധിക്കാനുളള മാസ്ക്കുകള്‍ നിര്‍മ്മിക്കുകയാണ് കാക്കനാട്ട് ജയിലിലെ ഈ അന്തേവാസികള്‍.
വനിതാ ജയിലിലും ജില്ലാ ജയിലിലുമായി പത്തോളം അന്തേവാസികളും അഞ്ച് ജയില്‍ ജീവനക്കാരുമാണ് മാസ്ക്ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഏറിയതോടെ ഇവര്‍ക്ക് രാവും പകലും വിശ്രമമില്ല. മാസ്ക്കുകളുടെ ക്ഷാമം പരിഹരിക്കുന്നതുവരെ ജയിലുകളില്‍ ഇവയുടെ നിര്‍മ്മാണം തുടരുമെന്ന് ജയില്‍ സൂപ്രണ്ട് കെ വി ജഗദീശന്‍.
നീല നിറത്തിലുളള തുണി കൊണ്ട് രണ്ട് ലെയറുകളിലായി വീണ്ടും ഉപയോഗിക്കാന്‍ കഴിയുംവിധമാണ് മാസ്ക്കുകളുടെ നിര്‍മ്മാണം. നല്ല നിലവാരത്തിലുളള ഈ മാസ്ക്കുകള്‍ക്ക് വെറും 10 രൂപ മാത്രം. ജയിലിലെ സന്ദര്‍ശകര്‍ക്ക് ഫുഡ് കൗണ്ടര്‍ വഴിയും മാസ്ക്കുകള്‍ വാങ്ങാം.

Get real time update about this post categories directly on your device, subscribe now.