കൊറോണയില്‍ വലയുന്ന ജനത്തിന് വന്‍തിരിച്ചടി; ജപ്തി നടപടികള്‍ നിറുത്തി വയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ; നടപടി കേന്ദ്രത്തിന്റെ ആവശ്യപ്രകാരം

കോറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജപ്തി നടപടികള്‍ നിറുത്തി വയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സ്റ്റേ.

സുപ്രീംകോടതി ചേര്‍ന്നയുടന്‍ ജസ്റ്റിസ് ഖാന്‍വാക്കര്‍ അദ്ധ്യക്ഷനായ ബഞ്ചിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റേ ആവശ്യമുന്നയിച്ചത്. ജി.എസ്.ടി, കെട്ടിട നികുതി, വാഹന നികുതി, വരുമാന നികുതി എന്നിവ ഈടാക്കുന്നതിന് റവന്യൂ റിക്കവറി പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്ത കേരള ഹൈക്കോടതി സ്റ്റേ ചെയ്യണം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാങ്ക് വായ്പ കുടിശികയും നികുതി കുടിശികയും ഈടാക്കുന്നതും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കോറോണയില്‍ വലയുന്ന ജനത്തിന് ആശ്വാസമേകുക ലക്ഷ്യമിട്ട് നികുതി പിരിവിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

ഏപ്രില്‍ ആറ് വരെയായിരുന്നു സ്റ്റേ. എന്നാല്‍ ഹൈക്കോടതിയ്ക്ക് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത വാദിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കിയുള്ളപ്പോള്‍ സ്റ്റേ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.

കേരള ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി ഫയല്‍ പോലും ഫയല്‍ ചെയ്യാതെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയ്ക്ക് മുമ്പില്‍ വിഷയം ഉന്നയിച്ചത്.കേരള സര്‍ക്കാരിന്റെ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളും കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും തുഷാര്‍ മേഹ്ത്ത ചൂണ്ടികാട്ടി. അലഹബാദ് ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ആവിശ്യം പരിഗണിച്ച സുപ്രീംകോടതി രണ്ട് വിധികളും സ്റ്റേ ചെയ്തു. കോറോണയില്‍ വലയുന്ന ജനത്തിന് വലിയ തിരിച്ചടി നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News