കൊറോണ ജാഗ്രതയില്‍ മുംബൈ; നഗരം നിശ്ചലമാകുന്നു

മുംബൈ: സൂര്യനസ്തമിക്കാത്ത നഗരം അതിന്റെ ചരിത്രത്തിലാദ്യമായി അനിശ്ചിതമായ നിശ്ചലാവസ്ഥയിലേക്ക് പോകുകയാണ്.

നഗരത്തിന് വെല്ലുവിളിയാകുന്നത് നിരവധി ഘടകങ്ങളാണ്. സാക്ഷരതയുടെ കാര്യത്തില്‍ വളരെ പുറകിലായ നഗരവാസികളില്‍ വലിയൊരു വിഭാഗം ദിവസക്കൂലിക്കാരാണ്. അന്നന്നത്തെ അന്നം തേടുന്ന ഇവരില്‍ ബഹുഭൂരിഭാഗം പേര്‍ക്കും കൊറോണ എന്തെന്ന് പോലും ഇപ്പോഴുമറിയില്ല. ഇത്തരക്കാര്‍ക്കിടയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പോയിട്ട് പ്രാഥമിക പ്രതിരോധന നടപടികള്‍ വരെ ആരോഗ്യ വകുപ്പിനെ സമ്മര്‍ദ്ദത്തിലാക്കും.

ഭൗതികമായ പരിമിതകള്‍ ഉള്ള അമ്പതു ലക്ഷത്തിലധികം ജനങ്ങള്‍ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ചേരികളില്‍ കഴിയുന്നവരാണ്. അത്യാവശ്യ സൗകര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങളിലേക്ക് രോഗം പടര്‍ന്നാല്‍ വലിയൊരു വിപത്തിനാകും സംസ്ഥാനം തീ കൊളുത്തുക.

മുംബൈയില്‍ മധ്യ റയില്‍വേയില്‍ മാത്രമായി 1774 സബര്‍ബന്‍ ട്രെയിനുകളിലായി ഒരു ദിവസം യാത്ര ചെയ്യുന്നവര്‍ 70 ലക്ഷത്തിലധികം പേരാണ്. പശ്ചിമ റയില്‍വേയില്‍ 1223 ട്രെയിനുകളിലായി ഏകദേശം 50 ലക്ഷം പേരും ദിവസേന യാത്ര ചെയ്യുന്നു. റോഡ് യാത്രക്കാരുടെ കണക്കുകള്‍ വേറെയാണ്.

അവശ്യസേവനങ്ങള്‍ ഒഴിച്ചുള്ള എല്ലാ തൊഴിലിടങ്ങളും അടച്ചിടുവാനാണ് പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശം. മുംബൈ, പൂനെ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലെ എല്ലാ ജോലി സ്ഥലങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

മുംബൈ, എംഎംആര്‍ മേഖല, പൂനെ, പിംപ്രി ചിഞ്ച്വാഡ്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇത് ബാധകമാണ്. കൊറോണ വൈറസ് പടരാതിരിക്കാന്‍ സഹായിക്കുന്നതിനായി അനാവശ്യമായി വീടുകളില്‍ നിന്ന് ഇറങ്ങരുതെന്ന് അദ്ദേഹം സംസ്ഥാന ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

അവശ്യ സേവനങ്ങളും പൊതുഗതാഗതവും ഒഴികെ മുംബൈ മെട്രോപൊളിറ്റന്‍ മേഖല പൂര്‍ണമായും അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നിരുന്നാലും സംസ്ഥാനത്ത് ബാങ്കുകള്‍ തുറന്നുകിടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here