അടിമുടി മാറാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്

കൊച്ചി: മറ്റൊരു സീസണും നിരാശയോടെ അവസാനിച്ചതിനാല്‍ കേരള ബ്ലാസ്റ്റേഴ്സ് അടിമുടി മാറാനൊരുങ്ങുന്നു. പരിശീലകനെ ഉള്‍പ്പെടെ മാറ്റാനാണ് നീക്കം. 2016ല്‍ ഫൈനലില്‍ കടന്നശേഷം ബ്ലാസ്റ്റേഴ്സിന് തെളിയാനായിട്ടില്ല. അവസാന മൂന്ന് സീസണുകളില്‍ പ്ലേ ഓഫില്‍ കടന്നില്ല. നിലവിലെ പരിശീലകന്‍ എല്‍കോ ഷട്ടോരിയുടെ കരാര്‍ ഉടന്‍ അവസാനിക്കും. ഷട്ടോരിയെ നിലനിര്‍ത്തിയേക്കില്ലെന്നാണ് സൂചന.

ഐ ലീഗില്‍ മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയ കിബു വികുന ആയിരിക്കും പുതിയ പരിശീലകന്‍. സ്പോര്‍ടിങ് ഡയറക്ടറായി കരോലിന്‍ സ്‌കിന്‍കിസിനെ നിയമിച്ചിരുന്നു. സ്‌കിന്‍കിസ് എത്തിയതിനുശേഷമാണ് പരിശീലകനെ മാറ്റാനുള്ള നീക്കങ്ങള്‍ പുരോഗമിച്ചത്.

കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. നല്ല തുടക്കത്തിനുശേഷം തകര്‍ന്നുപോയി. ആരാധക പിന്തുണയും കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ കളിക്കാരെ ഉള്‍പ്പെടെ കൊണ്ടുവന്ന് ടീം മാറാനൊരുങ്ങുന്നത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായിരുന്ന ഷട്ടോരി കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. മികച്ച പരിശീലകനായിട്ടും ഈ ഡച്ചുകാരന് ബ്ലാസ്റ്റേഴ്സിനെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കാനായില്ല. പരിക്കും പ്രതിരോധത്തിലെ മോശം പ്രകടനവും ബ്ലാസ്റ്റേഴ്സിനെ തളര്‍ത്തി.

നാല് മത്സരങ്ങള്‍ ശേഷിക്കെയാണ് വികുന ബഗാനെ ചാമ്പ്യന്‍മാരാക്കിയത്. ബഗാന്‍ അടുത്ത സീസണില്‍ എടികെയില്‍ ലയിക്കുന്നതോടെ വികുനയ്ക്ക് സ്ഥാനം നഷ്ടമാകും. ഈ സാഹചര്യത്തിലാണ് വികുനയെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടത്. സ്പാനിഷുകാരനായ വികുനയുടേത് ആകര്‍ഷകമായ കളി ശൈലിയാണ്. ഗോളടിച്ചുകൂട്ടിയായിരുന്നു ഈ സീസണില്‍ ബഗാന്റെ മുന്നേറ്റം.

സഹപരിശീലകന്‍ തോമസ് ടോര്‍സും മറ്റംഗങ്ങളും വികുനയ്ക്കൊപ്പം ബ്ലാസ്റ്റേഴ്സിലെത്തും. വികുനയെ നിയമിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം പരിശീലകനാകും ഈ നാല്‍പ്പത്തെട്ടുകാരന്‍. ബഗാന്റെ ചില കളിക്കാരെയും ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിട്ടുണ്ട്. ഫ്രാന്‍ ഗൊണ്‍സാലെസ്, ജോസെബ ബെയ്റ്റിയ എന്നീ കളിക്കാര്‍ വികുനയ്ക്കൊപ്പം ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും.

സൂപ്പര്‍ താരം ബര്‍തലോമേവ് ഒഗ്ബെച്ചെ ബ്ലാസ്റ്റേഴ്സില്‍ തുടരാനാണ് സാധ്യത. 15 ഗോളാണ് ഒഗ്ബെച്ചെ കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്. നോര്‍ത്ത് ഈസ്റ്റ് ടീമില്‍നിന്ന് ഷട്ടോരിക്കൊപ്പമാണ് ഈ മുന്നേറ്റക്കാരന്‍ ബ്ലാസ്റ്റേഴ്സിലെത്തിയത്. മുന്നേറ്റത്തിലെ പങ്കാളി റാഫേല്‍ മെസി ബൗളിയെയും നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മധ്യനിരക്കാരന്‍ സെര്‍ജിയോ സിഡോഞ്ചയും ഒരു സീസണില്‍കൂടി തുടരും. മധ്യനിരക്കാരന്‍ ഹാളീചരണ്‍ നര്‍സാറി ടീം വിട്ടു.

പ്രതിരോധത്തെ ശക്തമാക്കാനാണ് നീക്കം. ടിരി, നിഷു കുമാര്‍ എന്നിവര്‍ക്കുവേണ്ടി ശ്രമം തുടരുന്നുണ്ട്. രോഹിത് കുമാര്‍, സന്ദീപ് സിങ്, പ്രഭുക്ഷണ്‍ ഗില്‍, അല്‍ബിനോ ഗോമെസ്, ലാല്‍തംഗ കാള്‍റിങ്, ധെനെചന്ദ്ര മീട്ടി എന്നിവരും ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് സൂചന. ബഗാനില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ച നൊങ്ദാംബ നൊവോറം തിരിച്ചെത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News