കൊറോണ: മരണസംഖ്യ 11,000 കടന്നു; രാജ്യത്ത്‌ രോഗം 234 പേർക്ക്‌

പാരീസ്‌: കോവിഡ്‌–-19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ 11,000 കടന്നു. ഇതുവരെ 11,180 പേർ മരിച്ചതായാണ്‌ വെള്ളിയാഴ്‌ച രാത്രിയിലെ കണക്ക്‌.

ഇതിൽ പകുതിയിലധികം യൂറോപ്പിലാണ്‌. ഏറ്റവുമധികം മരണം ഇറ്റലിയിൽ. വെള്ളിയാഴ്ച 627 പേർകൂടി മരിച്ചതോടെ ഇറ്റലിയിൽ മരണം 40-32 ആയി.

സ്‌പെയിനിൽ 238 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1041 ആയി. ലോകത്താകെ രണ്ടരലക്ഷത്തിലധികം ആളുകളെയാണ്‌ രോഗം ബാധിച്ചത്‌.

ചൈനയിൽ പുതിയതായി ആരിലേക്കും രോഗം പടരാതെ തുടർച്ചയായി രണ്ടാം ദിവസം കടന്നുപോയി. എന്നാൽ, വിദേശത്തുനിന്ന്‌ രോഗവുമായി വന്ന 29 പേരെക്കൂടി കണ്ടെത്തി.

ഇതോടെ രോഗവുമായി വിദേശത്തുനിന്ന്‌ ചൈനയിൽ എത്തിയവരുടെ എണ്ണം 228 ആയി. വിദേശത്തുനിന്ന്‌ വരുന്നവരെ കർക്കശ പരിശോധനയ്‌ക്ക്‌ വിധേയരാക്കി സമ്പർക്കവിലക്ക്‌ ഏർപ്പെടുത്തുകയാണ്‌.

ഇക്കാര്യത്തിൽ ചൈന സന്ദർശിക്കേണ്ട ഇന്ത്യക്കാർക്ക്‌ ബീജിങ്ങിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പുനൽകിയിട്ടുണ്ട്‌. മൂന്നുപേർ കൂടി മരിച്ചതോടെ ചൈനയിൽ മരണസംഖ്യ 3248 ആയി.

ഗബോണിൽ കൂടി ഒരാൾ മരിച്ചതോടെ കോവിഡ്‌ ബാധിച്ച്‌ മരണമുണ്ടായ രാജ്യങ്ങളുടെ എണ്ണം 64 ആയി. നാല്‌ രാജ്യത്തുകൂടി രോഗം കണ്ടെത്തി.

രാജ്യത്ത്‌ രോഗം 234 പേർക്ക്‌

രാജ്യത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 234 ആയി. വെള്ളിയാഴ്‌ച 50 പേർക്കാണ്‌ സ്ഥിരീകരിച്ചത്‌. സ്ഥിതിഗതി വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. ആരോഗ്യമന്ത്രി ഹർഷ്‌ വർധൻ, മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

രാജ്യം വിട്ടുപോകാനാകാത്ത വിദേശികളുടെ വിസ, ഇ–-വിസ എന്നിവയുടെ കാലാവധി ഏപ്രിൽ 15വരെ നീട്ടി. കോവിഡ്‌ പരിശോധനയ്‌ക്ക്‌ അന്താരാഷ്‌ട്ര സ്വകാര്യ കമ്പനികളടക്കം 18 കമ്പനികൾക്ക്‌ ഡ്രഗ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ അനുമതി നൽകി.

●ഡൽഹിയിൽ എല്ലാ ഷോപ്പിങ് മാളുകളും 31വരെ അടച്ചിടും. പലചരക്ക്‌, പച്ചക്കറി, മരുന്ന്‌ കടകൾക്ക്‌ വിലക്കില്ല. ഡൽഹി ഹൈക്കോടതി പ്രവർത്തന നിയന്ത്രണം ഏപ്രിൽ മൂന്നുവരെ നീട്ടി.

●മുംബൈ, പുണെ, പിംപിരി–- ചിഞ്ച്‌വാദ്‌, നാഗ്‌പുർ നഗരങ്ങൾ മാർച്ച്‌ 31വരെ അടച്ചു. മുംബൈയിൽ പൊതുഗതാഗതം നിരോധിച്ചിട്ടില്ല. അവശ്യസാധന കടകൾ, ബാങ്ക്‌ എന്നിവ മാത്രം പ്രവർത്തിക്കും.

●യുപിഎസ്‌സി നടത്താനിരുന്ന സിവിൽസർവീസ്‌ അഭിമുഖം മാറ്റി.

●യുപിയിൽ രാമനവമി അടക്കം എല്ലാ മത–-സാംസ്‌കാരിക പരിപാടികളും ഏപ്രിൽ രണ്ടുവരെ മാറ്റി

●കോവിഡ്‌ ബാധയിൽനിന്ന്‌ മുക്തനായ ഇറ്റാലിയൻ വിനോദസഞ്ചാരി ജയ്‌പുരിൽ ഹൃദയാഘാതത്തെ തുടർന്ന്‌ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here