കെപിസിസി ഭാരവാഹിപട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പോര് മുറുകുന്നു

കെപിസിസി സെക്രട്ടറിമാരുടെ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പോര് മുരുകുന്നു. ഭാരവാഹി സ്ഥാനനങ്ങളിലേക്ക് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പേരുകള്‍ മുല്ലപളളി വെട്ടുന്നതായി ആക്ഷേപം.

ഗ്രൂപ്പുകള്‍ക്കുളളിലും കൂറ് മുന്നണി രൂപപെടും വിധത്തിലാണ് പേരുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്.
ഒരു ഇടവേളക്ക് ശേഷം വീണ്ടും മുല്ലപളളിയും ഗ്രൂപ്പുകളും തമ്മില്‍ നേരിട്ട് ദ്വന്ദയുദ്ധത്തിന് കളമൊരുങ്ങുകയാണ്. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയ്യാറാക്കുന്നതിനെ ചൊല്ലിയാണ് മുല്ലപളളിയും ഗ്രൂപ്പുകളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്.

40 പേരെ മാത്രമേ നിയമിക്കാന്‍ ക‍ഴിയു എന്നാണ് മുല്ലപളളി വാശി പിടിക്കുന്നത്. എന്നാല്‍ ഇതിനോടകം 26 പേരുടെ പട്ടിക എ ഗ്രൂപ്പും, 25 പേരുടെ പട്ടിക ഐ ഗ്രൂപ്പും മുല്ലപളളിക്ക് കൈമാറിയിട്ടുണ്ട്. 15 പേരെ തനിക്ക് ഏകപക്ഷീയമായി നിയമിക്കണമെന്നാണ് മുല്ലപളളി വാശിപിടിക്കുന്നത്. ഇതിനെ ചൊല്ലിയാണ് വീണ്ടും ഗ്രൂപ്പ് പോര് മുറുകുന്നത്.

നിലവില്‍ 47 ഭാരവാഹികള്‍ കെപിസിസിക്ക് ഉണ്ടെങ്കിലും മൂന്ന് പേരെ ജനറല്‍ സെക്രട്ടറിമാരാക്കും. മുല്ലപളളിയുടെ പ്രതിനിധിയായി വിജയന്‍ തോമസ്, എറണാകുളം ,മലപ്പുറം ഡിസിസി പ്രസിഡന്‍റ്മാരായിരുന്ന വിജെ പൗലോസ്, മുഹമ്മദ് കുഞ്ഞി എന്നീവരെ കൂടി ജനറല്‍ സെക്രട്ടരിമാരാക്കും.

ഐ ഗ്രൂപ്പ് നല്‍കിയ പട്ടികയില്‍ നിന്ന് ചിലരെ തിരഞ്ഞ് പിടിച്ച് ഒ‍ഴിവാക്കാന്‍ മുല്ലപളളി ശ്രമിക്കുന്നതായി ആക്ഷേപം ഉണ്ട്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അരുണ്‍രാജ്, തൊടിയൂര്‍ രാമചന്ദ്രന്‍. മുഹമ്മദ് ഷിയാസ്, സുമേഷ് അച്ചുതന്‍ എന്നീവരുടെ പേരുകളെ ചൊല്ലിയാണ് മുല്ലപളളി ഗ്രൂപ്പുകളോട് ഏറ്റ്മുട്ടുന്നത്.

എ കെ ആന്‍റണിയുടെ മകനെ ഐടി സെല്ലിന്‍റെ ചുമതല നല്‍കിയതിനെതിരെ പരസ്യമായി പ്രതികരിച്ച മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരുണ്‍രാജിനെ സെക്രട്ടറിയായി നിയമിക്കാന്‍ ക‍ഴിയില്ലെന്ന് മുല്ലപളളി എടുത്ത നിലപാട് ഐഗ്രൂപ്പിനെ ചൊടിപ്പിക്കുന്നു.

വിഡി സതീശന്‍റെ നോമിനിയായ മുഹമ്മദ് ഷിയാസ്, കെസി വേണുഗോപാലിന്‍റെ പ്രതിനിധിയായ തൊടിയൂര്‍ മാരചന്ദ്രന്‍ മുന്‍ എംഎല്‍എ കെ .അച്ചുതന്‍ മകന്‍ സുമേഷ് അച്ചുതന്‍ എന്നീവരെ ഒരു കാരണവശാലും ഉള്‍പ്പെടുത്തില്ലെന്ന് മുല്ലപളളി വാശിപിടിക്കുന്നു.

ഇത് കൂടാതെ പിസി ചാക്കോ, പിജെ കുര്യന്‍ വിഎം സുധീരന്‍ , കെ വി തോമസ് വിവിധ എംപിമാര്‍ എന്നീവരും പേരുകള്‍ നല്‍കിയിട്ടുണ്ട്. ജംബോ പട്ടിക പാടില്ലെന്ന് പറയുമ്പോ‍ഴും കെപിസിസി സെക്രട്ടരിമാരുടെ പട്ടിക അന്തിമമാകുമ്പോള്‍ 80 ന് മുകളിലെത്തുമെന്നാണ് സൂചന.

എ ഗ്രൂപ്പിലെ പ്രമാണിമാരായിരുന്ന ബെന്നി ബെഹന്നാന്‍ ,തമ്പാന്നൂര്‍ രവി എന്നീവരെ എ ഗ്രൂപ്പ് പൂര്‍ണമായും ത‍ഴഞ്ഞു. തമ്പാനൂര്‍ രവി നല്‍കിയ ഏക പേരായ പിഎസ് പ്രശാന്തിന്‍റെ പേര് ഗ്രൂപ്പ് നേതൃത്വം കൈമാറാത്തതിനെ ചൊല്ലി എ ഗ്രൂപ്പിലും തര്‍ക്കം മുറുകുന്നു.

അടുത്ത രണ്ട് ആ‍ഴ്ച്ചക്കുളളില്‍ പട്ടിക അന്തിമമാക്കുമെന്ന് കെപിസിസി നേതൃ്ത്വം വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ പേരുകള്‍ ഇനിയും മുല്ലപളളി വെട്ടിയാല്‍ മുല്ലപളളിക്കെതിരെ പരസ്യമായി പ്രതികരിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here