കൊറോണ പ്രതിരോധ പ്രവര്‍ത്തനം; രണ്ട് സര്‍ക്കാരുകള്‍ രണ്ട് സമീപനങ്ങള്‍

കോവിഡ്‌ ഭീതിയിലായ ജനങ്ങൾക്ക്‌ ആത്മവിശ്വാസം പകർന്ന്‌ 20,000 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തിന്‌ നയാപൈസ ചെലവില്ലാത്ത ‘ജനതാ കർഫ്യൂ’ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്നോട്ടുവന്നത്‌ ഏതാണ്ട്‌ ഒരേ സമയത്താണ്‌.

കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകളുടെ മനോഭാവമാണ്‌ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും നിലപാടുകൾ സാക്ഷ്യപ്പെടുത്തുന്നത്‌.

കൊറോണ നേരിടുന്നതിൽ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിനെ ഹൈക്കോടതിയും സുപ്രീംകോടതിയും പ്രശംസിച്ചിരുന്നു.

ഭീതിവിതച്ച്‌ കോവിഡ്‌ മുന്നേറുമ്പോൾ സംസ്ഥാനത്തെ ഓരേ മേഖലയും പതിയെ നിശ്ചലമായി വരികയാണെന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയുന്നു.

ഈ പ്രതിസന്ധി കണക്കിലെടുത്താണ്‌ അത്‌ മറികടക്കുന്നതിന്‌ ആശ്വാസ പാക്കേജിന്‌ രൂപംനൽകിയത്. പ്രതിസന്ധിയിലായ സാമ്പത്തിക, നിർമാണമേഖലകളെയും ജനജീവിതത്തെയും തിരിച്ചുപിടിക്കുകയാണ്‌ ലക്ഷ്യം.

എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷനും കുടുംബശ്രീ വഴി 2000 കോടിയുടെ വായ്‌പയും 500 കോടിയുടെ ആരോഗ്യ പാക്കേജും വൈദ്യുതി–-കുടിവെള്ള ചാർജുകൾ അടയ്ക്കാനുള്ള സാവകാശവും സഹകരണവായ്‌പയ്‌ക്ക്‌ മൊറട്ടോറിയം പ്രഖ്യാപിച്ചതും ജനങ്ങൾക്ക്‌ വലിയ ആശ്വാസം പകരും.

കൊറോണ ബാധ നേരിടാൻ ജനങ്ങളെ പ്രാപ്‌തരാക്കുന്നതിനുള്ള കഠിനപരിശ്രമമാണ്‌ സംസ്ഥാന സർക്കാർ ഏതാനും ദിവസങ്ങളായി നടത്തിവരുന്നത്‌. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ പ്രതിദിന അവലോകനയോഗവും അതുകഴിഞ്ഞ്‌ സ്ഥിതിഗതി വിശദീകരിച്ചുള്ള വാർത്താസമ്മേളനവും ജനങ്ങളിൽ വലിയതോതിൽ അവബോധം സൃഷ്ടിക്കാൻ വഴിയൊരുക്കി.

എന്നാൽ, വ്യാഴാഴ്‌ച രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി, ഞായറാഴ്‌ച പകൽ വീടിനുള്ളിൽനിന്ന്‌ പുറത്തിറങ്ങരുതെന്ന്‌ പറഞ്ഞതല്ലാതെ ജനജീവിതം സാധാരണനിലയിൽ എത്തിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളൊന്നും നൽകിയില്ല. തീർച്ചയായും ബോധവൽക്കരണമെന്നനിലയ്‌ക്ക്‌ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്‌ പ്രാധാന്യമുണ്ട്‌.

പക്ഷേ, ഉപജീവനം വഴിമുട്ടിയ ജനങ്ങൾക്ക്‌ അതുകൊണ്ട് എന്തുപ്രയോജനം? അതേസമയം ഈ കെട്ടകാലത്തും ജനങ്ങളിൽ അധികഭാരം അടിച്ചേൽപിക്കുകയാണ്‌ കേന്ദ്രം. പെട്രോളിനും ഡീസലിനും എക്‌സൈസ്‌ തീരുവ കേന്ദ്ര സർക്കാർ കൂട്ടിയത്‌ ഒന്നു മാത്രം.

ഇതുവഴി 39,000 കോടി രൂപയാണ്‌ ഒറ്റയടിക്ക്‌ കേന്ദ്രത്തിന്റെ പക്കലെത്തിയത്‌. രാജ്യാന്തര വിപണയിൽ ക്രൂഡ്‌ ഓയിൽ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. എന്നിട്ടും അതിന്‌ ആനുപാതികമായി ഇന്ധനവില കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here