‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ ഏറ്റെടുത്ത് മുംബൈ മലയാളികൾ

മുംബൈ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തനം നിർത്തിയിട്ടില്ലെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. തൊഴിലിടങ്ങളെല്ലാം അടയ്ക്കുവാൻ കർശന നിർദ്ദേശം നൽകിയതോടെയാണ് ഫലപ്രദമായ രീതിയിൽ നഗരത്തിലെ തിരക്ക് നിയന്ത്രിക്കാനായത്.

എന്നിരുന്നാലും നിത്യവൃത്തിക്കായി തൊഴിൽ ചെയ്യുന്ന വലിയൊരു വിഭാഗം ഇപ്പോഴും കർമ്മനിരതരാണ്. കൊറോണയെ പേടിച്ചു വീട്ടിലിരുന്നാൽ ദാരിദ്ര്യം കൊണ്ട് കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഗതികേടിലാണ് പലരും.

ഇവർക്കിടയിലേക്കാണ് ബോധവത്ക്കരണവും കൈകഴുകാനുള്ള സംവിധാനങ്ങളുമായി മുംബൈ മലയാളികൾ രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ ജനസമ്പർക്കമുള്ള റയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ് റിക്ഷാ സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലാണ് കേരളം തുടങ്ങി വച്ച ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനുമായി നഗരത്തിലെ മലയാളികൾ മാതൃകയായത്.

സാക്ഷരതയിൽ ഏറെ പുറകിലായ സംസ്ഥാനത്തെ പ്രദേശവാസികൾ അടങ്ങുന്ന ഇതര ഭാഷക്കാർക്കും ആശ്വാസത്തിന് വക നൽകുന്നതാണ് ആപത്‌ഘട്ടത്തിലെ ഈ കൈത്താങ്ങ് .

ഉല്ലാസനഗറിൽ ലോക കേരള സഭാംഗം പി കെ ലാലിയുടെ നേതൃത്വത്തിലാണ് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഫലപ്രദമായി നടത്തിയത്. ഡോംബിവ്‌ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനശക്തിയും റെയിൽവേ സ്റ്റേഷൻ കേന്ദ്രമാക്കി കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

പ്രാഥമിക ആവശ്യങ്ങളായ മാസ്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവയാണ് അടിയന്തരമായി റെയിൽവേ ജീവനക്കാർക്ക് ലഭ്യമാക്കിയത്. സ്റ്റേഷൻ പരിസരവും ഓഫീസുകളും വൃത്തിയാക്കുന്നതിനും ജനശക്‌തി പ്രവർത്തകർ മുൻകൈ എടുത്തു.

നവി മുംബൈയിലെ നെരൂൾ മലയാളി സമാജം തിരക്കേറിയ റെയിൽവേ സ്റ്റേഷൻ പ്രവേശന കവാടത്തിന് മുന്നിൽ തുടങ്ങി വച്ച ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

താനെ വാഗ്ലെ എസ്റ്റേറ്റിൽ മലയാളികളുടെ നേതൃത്വത്തിൽ ബ്രേക്ക് ദി ചെയിൻ ബോധവത്കരണ പരിപാടിയിൽ സാനിറ്റൈസർ, കൈകഴുകുവാനുള്ള ലിക്വിഡ് സോപ്പ്, ടിഷ്യു പേപ്പർ എന്നിവയാണ് ജോലി കഴിഞ്ഞു മടങ്ങുന്നവർക്ക് വിതരണം ചെയ്തത്.

ഇതിന് പുറമെ നിരവധി മലയാളി സംഘടനകളാണ് കൊറോണ പ്രതിരോധിക്കുവാനുള്ള മുഖാവരണങ്ങളും സാനിറ്റൈസറുകളും വിതരണം ചെയ്തു കൊണ്ട് നഗരത്തിൽ നന്മയുടെ ഭാഗമായത്. ഏകദേശം പതിനായിരത്തോളം വരുന്ന അംഗങ്ങൾക്ക് മുഖാവരണങ്ങൾ വിതരണം ചെയ്താണ് ഡോംബിവ്‌ലി കേരളീയ സമാജവും മാതൃകയാകുന്നത്‌.

കൂടാതെ പ്രദേശത്തെ മുനിസിപ്പൽ ഓഫിസ്, മുനിസിപ്പൽ ആശുപത്രി, റെയിൽവേ ഹോസ്പിറ്റൽ, വൃദ്ധ സദനങ്ങൾ, ശാരീരിക വൈകല്യമുള്ള കുട്ടികൾ, സമാജത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ഓട്ടോറിക്ഷ ഡ്രൈവർമാർ, വഴിയോര കച്ചവടക്കാർ എന്നിവർക്കും മുഖാവരങ്ങൾ വിതരണം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മ. നവി മുംബൈയിലെ കാമോത്തേ മലയാളി സമാജവും ആവശ്യക്കാർക്കായി മുഖാവരണങ്ങൾ കൈമാറി നഗരത്തിൽ കരുതലിന്റെ കൈയ്യൊപ്പിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here