വാളയാറിലും കളിയിക്കാവിളയിലും കര്‍ശന പരിശോധന; കേരളത്തിന്‍റെ അതിര്‍ത്തികള്‍ അടയുന്നു

പാലക്കാട് > കോവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളവും തമിഴ്‌നാടും.

കര്‍ണാടകയുമായുള്ള അതിര്‍ത്തികള്‍ അടച്ച് കേരളം ജാഗ്രത പുലര്‍ത്തുമ്പോള്‍ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് അതിര്‍ത്തികളെല്ലാം അടച്ച് പരമാവധി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്.

വയനാട്ടില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കര്‍ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലൂടെ അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് കടത്തി വിടുന്നത്.

ചെക്ക് പോസ്റ്റിലെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്ന അധികൃതര്‍ യാത്രക്കാരെ പരമാവാധി തിരിച്ചയക്കാനാണ് ശ്രമിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ കടത്തി വിടുന്നുണ്ട്.

വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂരസര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലേക്കും , തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്കും ബസുകളൊന്നും ഓടുന്നില്ല.

അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടവർ യാത്ര വേഗത്തിലേക്കാൻ വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത.

കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ച കുടകിലേക്ക് ഒരു കാരണവശാലും സ‍ഞ്ചരിക്കരുതെന്ന് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വയനാട്ടിലെ ബാവല്ലി, തോല്‍പ്പെട്ടി,മുത്തങ്ങ എന്നിങ്ങനെ മൂന്ന് ചെക്ക് പോസ്റ്റുകള്‍ കര്‍ണാടകത്തിലെ കുടക് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. കുടക് ജില്ലയിലേക്ക് ഒരു കാരണവശാലും ആരേയും കടത്തി വിടേണ്ടെന്നാണ് വയനാട് ജില്ല കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഗുണ്ടല്‍പ്പേട്ടിലേക്ക് അടക്കം കൃഷി ആവശ്യങ്ങള്‍ക്കായി ആയിരങ്ങള്‍ കടന്നു പോകുന്നത് മുത്തങ്ങ ചെക്ക് പോസ്റ്റിലൂടെയാണ് എന്നാല്‍ ഇന്ന് വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമേ ഈ വഴി പോയിട്ടുള്ളൂ.

ഇന്നൊരു ദിവസം കൂടി കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലേക്ക് മുത്തങ്ങ വഴി വാഹനങ്ങള്‍ കടത്തി വിടണമെന്ന് വയനാട് കളക്ടര്‍ ചാമരാജ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അവര്‍ അംഗീകരിച്ചതായാണ് സൂചന.

തമിഴ്‍നാട്ടിലേക്ക് കടന്നു പോകുന്ന വയനാട്ടിലെ തോലാടി, ചാളൂര്‍ ചെക്ക് പോസ്റ്റുകളിലും സമാന നിയന്ത്രണമാണ് നിലനില്‍ക്കുന്നത്.

തമിഴ്‍നാട്ടിലേക്കുള്ള കേരളത്തിന്‍റെ പ്രവേശന കവാടമായ വാളയാറിലും അതീവജാഗ്രതയും പരിശോധനയുമാണ് രണ്ട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും നടത്തുന്നു. ഇന്നലെ രാത്രി തന്നെ പാലക്കാട് നിന്നുള്ള അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചിരുന്നു.

കാര്‍ഷിക ആവശ്യങ്ങള്‍ക്കും ആശുപത്രി കേസുകള്‍ അടക്കമുള്ള അടിയന്തര ആവശ്യങ്ങളും ഉള്ളവരെ മാത്രമാണ് ഇപ്പോള്‍ വാളയാര്‍ വഴി കടത്തി വിടുന്നത്.

അതേസമയം ചീഫ് സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ചരക്കുഗതാഗതം ഒരു തരത്തിലും നിര്‍ത്തി വയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനാല്‍ ചരക്കുവണ്ടികള്‍ ചെക്ക് പോസ്റ്റുകള്‍ വഴി സാധാരണ പോലെ കടന്നു പോകുന്നുണ്ട്.

ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റിലും അതീവ ജാഗ്രതയും പരിശോധനയും ഇപ്പോഴും തുടരുകയാണ്. തമിഴ്‍നാട് എസ്‍ടിസി ഇപ്പോള്‍ ചെക്ക് പോസ്റ്റ് വരെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ന് ഉച്ചയോടെ ഈ സര്‍വ്വീസുകളും അവര്‍ അവസാനിപ്പിക്കും എന്നാണ് സൂചന.

അതേസമയം കെഎസ്ആര്‍ടിസി പതിവ് പോലെ കുമളി വഴിയുള്ള സര്‍വ്വീസുകള്‍ തുടരുന്നുണ്ട്. ചെക്ക് പോസ്റ്റ് കടന്ന് ഇരുവിഭാഗത്തും ജോലിക്ക് പോകുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. തെര്‍മല്‍ പരിശോധനയടക്കം നടത്തിയാണ് ആളുകളെ ചെക്ക് പോസ്റ്റിലൂടെ കടത്തി വിടുന്നത്.

തെക്കന്‍ കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റായ അമരവിളയിലും കളിയക്കാവിളയിലും കര്‍ശന നിരീക്ഷണവും പരിശോധനയുമാണ് തമിഴ്‍നാട് അധികൃതര്‍ നടത്തുന്നത്.

തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് ടിഎന്‍എസ്‍ടിസി- കെഎസ്ആര്‍ടിസി ബസുകളെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തി വിടുന്നത്.

എപ്പോള്‍ വേണമെങ്കിലും ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലെ സര്‍വ്വീസുകള്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്. മരണം, ആശുപത്രി തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നവരെ മാത്രമാണ് അതിര്‍ത്തി കടന്ന് വരാന്‍ തമിഴ്‍നാട് അധികൃതര്‍ അനുവദിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News